'നിലപാടുകള്‍ക്ക് മണിക്കൂറുകളുടെ പോലും ആയുസില്ലാത്തത് എന്തൊരു കഷ്ടമാണ്'; മുരളീധരനെ വിമര്‍ശിച്ച് എം. സ്വരാജ്

'കരുത്തന്‍മാരുടെ കാലം കഴിഞ്ഞ കോണ്‍ഗ്രസില്‍ നിന്നും കാലാതിവര്‍ത്തിയായ വാക്കുകളോ നിലപാടുകളോ മുദ്രാവാക്യങ്ങളോ പ്രതീക്ഷിക്കാനാവില്ല'
'നിലപാടുകള്‍ക്ക് മണിക്കൂറുകളുടെ പോലും ആയുസില്ലാത്തത് എന്തൊരു കഷ്ടമാണ്'; മുരളീധരനെ വിമര്‍ശിച്ച് എം. സ്വരാജ്

സിറ്റിങ് എംഎല്‍എമാരെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തെ കളിയാക്കിയും വിമര്‍ശിച്ചും പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ത്തിയത് കെ മുരളീധരനായിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ എംഎല്‍എ ആയ മുരളീധരനും പട്ടികയിലുണ്ടായിരുന്നു. അതിന് പിന്നാലെ നേതാവിന് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടതായി വന്നു. ഇപ്പോള്‍ മുരളീധരനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തൃപ്പൂണിത്തുറ എംഎല്‍എ എം. സ്വരാജ്. 

നിലപാടുകള്‍ക്ക് മണിക്കൂറുകള്‍ മാത്രം ജീവനുള്ള നേതൃത്വമാണ് ഇന്നത്തെ കോണ്‍ഗ്രസില്‍ ഉള്ളത് എന്നാണ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദേഹം പറയുന്നത്. കരുത്തന്‍മാരുടെ കാലം കഴിഞ്ഞ കോണ്‍ഗ്രസില്‍ നിന്നും കാലാതിവര്‍ത്തിയായ വാക്കുകളോ നിലപാടുകളോ മുദ്രാവാക്യങ്ങളോ പ്രതീക്ഷിക്കാനാവില്ല. എന്നാലും പറയുന്ന വാക്കുകള്‍ക്ക് , വലിയ ശബ്ദത്തില്‍ പ്രഖ്യാപിക്കപ്പെടുന്ന നിലപാടുകള്‍ക്ക് മണിക്കൂറുകളുടെ പോലും ആയുസില്ലാതെ പോകുന്നതെന്തു കഷ്ടമാണ് എന്നാണ് സ്വരാജ് പറയുന്നത്. 

ഒരു മാധ്യമത്തിന് നല്‍കുന്ന അഭിമുഖത്തിനൊപ്പമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും നിയമസഭാംഗങ്ങളെ മത്സരിപ്പിക്കേണ്ട എന്നാണ് കോണ്‍ഗ്രസ് നിലപാട് എന്നുമാണ് മുരളീധരന്‍ പറയുന്നത്. ഇതിനെ ട്രോളിക്കൊണ്ടാണ് സ്വരാജിന്റെ പോസ്റ്റ്

എം സ്വരാജിന്റെ കുറിപ്പ്

മണിക്കൂറുകള്‍ മാത്രം ആയുസുള്ള വാക്കുകള്‍..

എം. സ്വരാജ് .

ഗാന്ധിജിയുടെയും പണ്ഡിറ്റ് നെഹ്രുവിന്റെയും പട്ടേലിന്റെയുമൊക്കെ കോണ്‍ഗ്രസ് ഇന്ന് ഒരു ഭൂതകാലസ്മരണ മാത്രമാണ്.

കോണ്‍ഗ്രസിലെ ഉരുക്കുമനുഷ്യരുടെ സ്ഥാനത്ത് അലുമിനിയം മനുഷ്യര്‍ കടന്നു വന്നതിനെക്കുറിച്ച് മുമ്പൊരിക്കല്‍ തുറന്നു പറഞ്ഞത് ശ്രീ.കെ.മുരളീധരനാണ്.

കരുത്തന്‍മാരുടെ കാലം കഴിഞ്ഞ കോണ്‍ഗ്രസില്‍ നിന്നും കാലാതിവര്‍ത്തിയായ വാക്കുകളോ നിലപാടുകളോ മുദ്രാവാക്യങ്ങളോ പ്രതീക്ഷിക്കാനാവില്ല.

എന്നാലും പറയുന്ന വാക്കുകള്‍ക്ക് , വലിയ ശബ്ദത്തില്‍ പ്രഖ്യാപിക്കപ്പെടുന്ന നിലപാടുകള്‍ക്ക് മണിക്കൂറുകളുടെ പോലും ആയുസില്ലാതെ പോകുന്നതെന്തു കഷ്ടമാണ്.

പിറന്ന് മണിക്കൂറുകള്‍ക്കകം മരിച്ചു പോകുന്ന സ്വന്തം നിലപാടുകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കേണ്ടി വരുന്ന നേതൃത്വമാണ് ഇന്നത്തെ കോണ്‍ഗ്രസിനുള്ളത്.

( വീഡിയോ ഫേസ് ബുക്കില്‍ നിന്നും)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com