കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇനിയും മാറുമോ?; ഏഴാം പട്ടികയിലും വടകരയും വയനാടും ഇല്ല, ആശയക്കുഴപ്പം

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇനിയും മാറുമോ?; ഏഴാം പട്ടികയിലും വടകരയും വയനാടും ഇല്ല, ആശയക്കുഴപ്പം
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇനിയും മാറുമോ?; ഏഴാം പട്ടികയിലും വടകരയും വയനാടും ഇല്ല, ആശയക്കുഴപ്പം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ഏഴാമത്തെ സ്ഥാനാര്‍ഥി പട്ടികയിലും കേരളത്തിലെ വയനാട്, വടകര മണ്ഡലങ്ങള്‍ ഇടംപിടിച്ചില്ല. രണ്ടു മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ പ്രചാരണവുമായി മുന്നോട്ടുപോവുമ്പോഴാണ് നേതാക്കളേയും പ്രവര്‍ത്തകരെയും ആശയക്കുഴപ്പത്തിലാക്കി നേതൃത്വം വയനാടും വടകരയുമില്ലാതെ പുതിയ പട്ടിക പുറത്തിറക്കിയത്.

കേരളത്തിലെ പന്ത്രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ പുറത്തിറക്കിയിരുന്നു. സ്ഥാനാര്‍ഥികളെക്കുറിച്ച് ധാരണയായെന്നും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുള്ളതുകൊണ്ട് മൂന്നു മണ്ഡലങ്ങളിലെ പട്ടിക പിന്നാലെ പുറത്തുവരുമെന്നുമാണ്, ആദ്യ പട്ടിക പുറത്തിറക്കുന്നതിനു മുന്നോടിയായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞത്. മൂന്നല്ല, നാലു മണ്ഡലങ്ങള്‍ ഒഴിച്ചിട്ടാണ് പാര്‍ട്ടി ആദ്യ പട്ടിക പുറത്തിറക്കിയത്. ഇതില്‍ ആറ്റിങ്ങലിലും ആലപ്പുഴയിലും പിന്നീട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു.

വടകരയില്‍ കെ മുരളീധരനും വയനാട്ടില്‍ ടി സിദ്ദിഖും പ്രചാരണത്തില്‍ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. എന്നാല്‍ ഇവരെ ഇതുവരെ ഔദ്യോഗികമായി സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപനം വരുംമുമ്പ് സംസ്ഥാന ഘടകം ഇതില്‍ സ്ഥിരീകരണം നല്‍കിയ പ്രചാരണം തുടങ്ങിയതില്‍ എഐസിസിക്ക് അതൃപ്തിയുള്ളതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് കേന്ദ്രനേതാക്കള്‍ തന്നെ ഈ വാര്‍ത്ത നിഷേധിച്ചു. സ്ഥാനാര്‍ഥിയായി അംഗീകരിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചിട്ടുണ്ടെന്ന് കെ മുരളീധരന്‍ വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ എന്നിട്ടും പ്രഖ്യാപനം വൈകുന്നത് എന്ത് എന്ന ചോദ്യമാണ് സംസ്ഥാനത്ത ചില നേതാക്കളും പ്രവര്‍ത്തകരും ഉന്നയിക്കുന്നത്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷം മാറ്റിയ ചരിത്രം സംസ്ഥാനത്തുണ്ട്. ഇത് ആവര്‍ത്തിക്കാനുള്ള സാധ്യതയൊന്നും ഇല്ലെങ്കിലും ആശയക്കുഴപ്പം നീട്ടിക്കൊണ്ടുപോവേണ്ടിയിരുന്നില്ലെന്ന് അവര്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ വയനാട്ടില്‍ ചില കേന്ദ്ര നേതാക്കള്‍ക്കു മത്സര മോഹമുണ്ടായിരുന്നു എന്ന കാര്യവും പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ സ്ഥാനാര്‍ഥികളാണ് പാര്‍ട്ടി ഇന്നലെ രാത്രി പുറത്തിറക്കിയ ഏഴാം പട്ടികയില്‍ പ്രധാനമായുമുള്ളത്. യുപിസിസി അധ്യക്ഷന്‍ രാജ് ബബ്ബാര്‍ ഫത്തേപുര്‍ സിക്രിക്കു പകരം മൊറാദാബാദില്‍നിന്നു മത്സരിക്കും. ബിഎസ്പിയില്‍നിന്നു കൂറുമായി വന്ന നസീമുദ്ദീന്‍ സിദ്ധിഖി ബിജ്‌നോറിലെ സ്ഥാനാര്‍ഥിയാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com