രമ്യ ഹരിദാസ് പാട്ടു പാടിയാലെന്താ തകരാറ്?; ദീപ നിശാന്തിനോട് ശാരദക്കുട്ടി ചോദിക്കുന്നു

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ പ്രചാരണരീതികളെ പരിഹസിച്ച ദീപ നിശാന്തിനെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി
രമ്യ ഹരിദാസ് പാട്ടു പാടിയാലെന്താ തകരാറ്?; ദീപ നിശാന്തിനോട് ശാരദക്കുട്ടി ചോദിക്കുന്നു

കൊച്ചി: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ പ്രചാരണരീതികളെ പരിഹസിച്ച ദീപ നിശാന്തിനെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. 'രമ്യ ഹരിദാസ് പാട്ടു പാടിയാലെന്താ തകരാറ്?.ആള്‍ക്കൂട്ടത്തിനൊപ്പം വീണാ ജോര്‍ജും ശ്രീമതി ടീച്ചറും ഷാനിമോളും ഗോമതിയും രമ്യാ ഹരിദാസും ശോഭാ സുരേന്ദ്രനും ഒക്കെ പാടുക മാത്രമല്ല നൃത്തം ചെയ്യുകയും വേണം. വലിയ രാഷ്ട്രീയ ഗൗരവപൊയ്മുഖങ്ങള്‍ ഒക്കെ അഴിഞ്ഞു വീഴട്ടെ.'- ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'പകയും വാശിയും തെറിയും ആഭാസത്തരവും കൊല്ലും കൊലവിളിയും വെട്ടും കുത്തും ഒന്നുമല്ലല്ലോ. പാട്ടും കൂത്തുമല്ലേ? അത് കോളേജ് വിദ്യാഭ്യാസകാലത്ത് അവസാനിപ്പിക്കേണ്ട ഒന്നല്ല'- ശാരദക്കുട്ടി പറഞ്ഞു.

പൗരസംരക്ഷണത്തിനും നിയമനിര്‍മ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാന്‍സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണമെന്ന അപേക്ഷയുണ്ട് എന്നതായിരുന്നു ദീപ നിശാന്തിന്റെ വിമര്‍ശനം.  ദീപ നിശാന്തിന്റെ പോസ്റ്റിനെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധിപേരാണ് രംഗത്തുവന്നത്. 

കുറിപ്പിന്റെ പൂര്‍ണരൂപം


രമ്യ ഹരിദാസ് പാട്ടു പാടിയാലെന്താ തകരാറ്? ശ്രീമതി ടീച്ചര്‍ പണ്ട് നൃത്തം ചെയ്തപ്പോള്‍ പലരും കളിയാക്കിയിരുന്നു. അപ്പോള്‍ തോന്നിയതും ഇതു തന്നെ. ശ്രീമതി ടീച്ചറിനെന്താ നൃത്തം ചെയ്താല്‍? സി.എസ്.സുജാതയുടെ നേതൃത്വത്തില്‍ വിപ്ലവക്കുമ്മി വന്നപ്പോഴും അതിനിപ്പോള്‍ എന്താ തകരാറ് എന്നേ തോന്നിയിട്ടുള്ളു.

ആള്‍ക്കൂട്ടത്തിനൊപ്പം വീണാ ജോര്‍ജും ശ്രീമതി ടീച്ചറും ഷാനിമോളും ഗോമതിയും രമ്യാ ഹരിദാസും ശോഭാ സുരേന്ദ്രനും ഒക്കെ പാടുക മാത്രമല്ല നൃത്തം ചെയ്യുകയും വേണം. വലിയ രാഷ്ട്രീയ ഗൗരവപൊയ്മുഖങ്ങള്‍ ഒക്കെ അഴിഞ്ഞു വീഴട്ടെ.

സ്ത്രീകളുടെ പ്രകടനപത്രികകളില്‍ സന്തോഷവും സമാധാനവും ആനന്ദവും ഉണര്‍വും വീര്യവും നിറയട്ടെ.ഇതൊക്കെ തിരഞ്ഞെടുപ്പു കാലത്തു മാത്രമല്ല എല്ലായ്‌പോഴും സാധ്യമാകണം. ലോകസമാധാന പാലനത്തില്‍ സ്ത്രീകള്‍ക്ക് കാര്യമായി പലതും ചെയ്യാനാകും
സ്ത്രീകള്‍ രംഗത്തു വരുമ്പോള്‍ രാഷ്ട്രീയ തിരഞ്ഞെടുപ്പുകള്‍ക്ക് കൂടുതലായ ഒരുണര്‍വ്വുണ്ടാകട്ടെ. തെരുവുകള്‍ ആഹ്ലാദഭരിതമാകണം.

പകയും വാശിയും തെറിയും ആഭാസത്തരവും കൊല്ലും കൊലവിളിയും വെട്ടും കുത്തും ഒന്നുമല്ലല്ലോ. പാട്ടും കൂത്തുമല്ലേ? അത് കോളേജ് വിദ്യാഭ്യാസകാലത്ത് അവസാനിപ്പിക്കേണ്ട ഒന്നല്ല
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com