സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 27 വര്‍ഷം; ചുരുളഴിയാതെ ദുരൂഹതകള്‍ 

1992 മാര്‍ച്ച് 27ന് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിലാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 27 വര്‍ഷം; ചുരുളഴിയാതെ ദുരൂഹതകള്‍ 


കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 27 വര്‍ഷം. 1992 മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് അഭയയുടെ വിറങ്ങലിച്ച ശരീരം കാണുന്നത്. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിലാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്. തുടക്കത്തില്‍ ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷണം നടത്തിയത്. 

ലോക്കല്‍ പോലീസ് പതിനേഴ് ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവുമാണ് അന്വേഷണം നടത്തിയത്. 1993 മാര്‍ച്ച് 29ന് കേസ് ഏറ്റെടുത്ത് സിബിഐ അന്വേഷണം ആരംഭിച്ചത്. മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ മേലുദ്യോഗസ്ഥന്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന സിബിഐ ഓഫീസറുടെ തുറന്നുപറച്ചിലിലൂടെയാണ് കേസ് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. 

16 വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ 2008 നവംബറില്‍ അറസ്റ്റ് ചെയ്തത്. ഇവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കി 2009 ജൂലൈയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചനയ്ക്കും ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെടി മൈക്കിളിനെ നാലാം പ്രതിയാക്കി. കേസിലെ പ്രതികളെ പിടികൂടാനാവുന്നില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ച് മൂന്ന് പ്രാവശ്യം സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 

ഒന്നും, മൂന്നും പ്രതികളായ ഫാ. തോമസ് കോട്ടൂരിനും, സിസ്റ്റര്‍ സ്‌റ്റെഫിക്കും കൊലപാതകത്തില്‍ വ്യക്തമായ പങ്കുള്ളതായി കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ വിചാരണ നേരിടണമെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടു. പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്. കേസില്‍നിന്ന് രണ്ടാംപ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ നേരിടുന്നതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

കോടതി ഉത്തരവിനെതിരെ രണ്ട് പ്രതികളും ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണകൂടാതെ വെറുതെവിട്ടതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കലും ഹൈക്കോടതിയില്‍ അപ്പീലുകള്‍ നല്‍കി. മൂന്ന് പതിറ്റാണ്ടാകുമ്പോഴും സിസ്റ്റര്‍ അഭയയുടെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com