സംസ്ഥാനത്ത് ഒരാഴ്ച കൂടി കനത്ത ചൂട് തുടരും ; ഉഷ്ണതരംഗ സാധ്യതയില്ലെന്ന് വിലയിരുത്തല്‍

സൂര്യാതപത്തിനും സൂര്യാഘാതത്തിനുമുള്ള സാധ്യത ഉള്ളതിനാല്‍ വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്
സംസ്ഥാനത്ത് ഒരാഴ്ച കൂടി കനത്ത ചൂട് തുടരും ; ഉഷ്ണതരംഗ സാധ്യതയില്ലെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച കൂടി കനത്ത ചൂട് തുടരും. ജാഗ്രതാ നിര്‍ദേശം ഇന്നുവരെയാണ് പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് 31-ാം തീയതി വരെ നീട്ടിയേക്കുമെന്നാണ് സൂചന. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ മറ്റു ജില്ലകളില്‍ 3 ഡിഗ്രിവരെ ചൂട് ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. 

വെള്ളിയാഴ്ചവരെ കനത്തചൂടു തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് ഒടുവിൽ നൽകിയിട്ടുള്ള മുന്നറിയിപ്പ്. എന്നാൽ വെള്ളിയാഴ്ച കഴിഞ്ഞാലും ചൂടിന് ശമനമുണ്ടാകില്ലെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. ഏപ്രിൽ ആദ്യവാരം വരെ ദക്ഷിണേന്ത്യയിൽ ശരാശരിയിൽനിന്ന് രണ്ടുമുതൽ നാലുവരെ ഡിഗ്രി കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് വിലയിരുത്തിയിട്ടുണ്ട്. അടുത്ത രണ്ടാഴ്ചത്തെ കാലാവസ്ഥാ സാധ്യതാ റിപ്പോർട്ടിലാണിത്. 

എന്നാൽ ഉഷ്ണതരംഗത്തിന് ഇപ്പോൾ സാധ്യത കാണുന്നില്ല. വയനാട് ഒഴികെയുള്ള പതിമൂന്നുജില്ലകളിൽ ചൂട് ശരാശരിയിൽനിന്ന് രണ്ടുമുതൽ മൂന്ന് ഡിഗ്രിവരെ കൂടുതലായിരിക്കും.  സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട്ട് ബുധനാഴ്ചയും 40.2 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഇവിടെ തുടർച്ചയായ രണ്ടാംദിവസമാണ് 40 ഡിഗ്രി കടക്കുന്നത്. ശരാശരിയിൽ നിന്ന് 2.4 ഡിഗ്രിയാണ് ബുധനാഴ്ച പാലക്കാട്ട് കൂടിയത്. ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ താപനില ഉയർന്നത്. ഇവിടെ 37 ഡിഗ്രി രേഖപ്പെടുത്തി. (3.4 ഡിഗ്രി കൂടുതൽ). കോഴിക്കോട്ട് 2.8, കോട്ടയത്ത് 2.5 പുനലൂരിൽ 2.2 തിരുവനന്തപുരത്ത 2.3 ഡിഗ്രി എന്നിങ്ങനെയാണ് ചൂടുകൂടിയത്.

സൂര്യാതപത്തിനും സൂര്യാഘാതത്തിനുമുള്ള സാധ്യത ഉള്ളതിനാല്‍ വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊള്ളുന്ന വെയിലില്‍ സംസ്ഥാനത്തിതുവരെ 284 പേര്‍ക്കാണ് അസ്വസ്ഥതകള്‍ ഉണ്ടായത്. ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് പ്രശ്‌നങ്ങളുണ്ടായത് പത്തനംതിട്ട ജില്ലയിലാണ്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രത്യേകം സമിതികള്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com