കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി : കാർഡ് പുതുക്കൽ ഏപ്രിൽ ഒന്നുമുതൽ 

നിലവിലുള്ള ഇൻഷുറൻസ് കാർഡിനൊപ്പം ആധാർകാർഡും ഹാജരാക്കിയാണ്‌ പുതുക്കേണ്ടത്
കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി : കാർഡ് പുതുക്കൽ ഏപ്രിൽ ഒന്നുമുതൽ 

തിരുവനന്തപുരം : സർക്കാരിന്റെ പരിഷ്‌കരിച്ച ആരോഗ്യപദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ കാർഡ് പുതുക്കൽ ഏപ്രിൽ ഒന്നുമുതൽ തുടങ്ങും.  ആദ്യഘട്ടത്തിൽ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് പുതുക്കൽ നടപടികൾ തുടങ്ങുക. സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും കാർഡ് പുതുക്കാം.

ഒരുകുടുംബത്തിലെ പരമാവധി അഞ്ചുപേർക്ക് പദ്ധതിയിൽ അംഗങ്ങളാകാം.  നേരത്തെ ഗൃഹനാഥന്റെ പേരിൽ മാത്രമായിരുന്നു കാർഡ്. എന്നാൽ പുതുക്കിയ പദ്ധതിപ്രകാരം ഓരോ ഗുണഭോക്താവിനും പ്രത്യേകം കാർഡ് നൽകും. കുടുംബത്തിന് വർഷത്തിൽ അഞ്ചുലക്ഷം രൂപയുടെ ആനുകൂല്യമാണ് പുതിയ പദ്ധതിയിൽ ലഭിക്കുന്നത്.

നിലവിലുള്ള ഇൻഷുറൻസ് കാർഡിനൊപ്പം ആധാർകാർഡും ഹാജരാക്കിയാണ്‌ പുതുക്കേണ്ടത്. ചികിത്സയ്ക്ക് എത്തുന്നവർക്ക് കാർഡ് പുതുക്കി നൽകുന്നതിനാണ് മുൻഗണന. എന്നാൽ, മറ്റുള്ളവർക്കും ആശുപത്രികളിലെ കൗണ്ടറിൽ കാർഡ് പുതുക്കാം. ഏപ്രിൽ അവസാനത്തോടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ക്യാമ്പുകൾ നടത്തും.

നിലവിലുള്ള സമഗ്ര ആരോഗ്യപദ്ധതിയുടെ കാലാവധി മാർച്ച് 31-ന് അവസാനിക്കും. ഇതിൽ ഉൾപ്പെട്ട 40.96 ലക്ഷം കുടുംബങ്ങളെയാണ് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിലേക്ക് മാറ്റുന്നത്. ഗുണഭോക്താക്കൾക്ക് ചികിത്സ നിഷേധിക്കപ്പെടാതിരിക്കാനാണ് ആശുപത്രികൾ കേന്ദ്രീകരിച്ച് കാർഡ് പുതുക്കുന്നത്.

നിലവിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുന്നവർ ‘ഗോൾഡൻ കാർഡ്‌’ എന്നപേരിൽ പുതിയ കാർഡ് എടുത്താലെ കാരുണ്യ ആരോഗ്യപദ്ധതിയിൽ അംഗത്വം ലഭിക്കുകയുള്ളു. ഒരുകുടുംബത്തിലെ ഒരാളെങ്കിലും നിശ്ചിത സമയപരിധിക്കകം പുതിയ കാർഡ് എടുക്കണം. അല്ലെങ്കിൽ ആ കുടുംബം പദ്ധതിയിൽനിന്ന് പുറത്താകും. കാർഡ് പുതുക്കിയെടുക്കാൻ നാലുമാസത്തെ സാവകാശം ലഭിക്കും.

സമഗ്ര ആരോഗ്യപദ്ധതിയിൽ 1.6 കോടി ആളുകളെയാണ് ഉൾപ്പെടുത്തിരുന്നത്. പുതിയ സാഹചര്യത്തിൽ ഇത് രണ്ടുകോടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com