കുമ്മനവും കുഞ്ഞാലിക്കുട്ടിയും മുഹമ്മദ് ബഷീറും ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും

സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിനമായ ഇന്നലെ എട്ടുപേരാണ് പത്രിക നല്‍കിയത്
കുമ്മനവും കുഞ്ഞാലിക്കുട്ടിയും മുഹമ്മദ് ബഷീറും ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍, മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കും ഒരു മണിക്കുമിടയിലാണ് വരണാധികാരിയായ തിരുവനന്തപുരം ജില്ലാ കളക്ടര്‍ മുമ്പാകെ, തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന്‍ പത്രിക സമര്‍പ്പിക്കുക. 

ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവനാണ് പത്രികയില്‍ സാക്ഷിയായി ഒപ്പിടുന്നത്. ഹരിവരാസനം രചിച്ച കോന്നകത്ത് ജാനകിയമ്മയുടെ മകള്‍ ബാലാമണിയമ്മയാണ് കുമ്മനത്തിന് കെട്ടി വെക്കാനുള്ള പണം നല്‍കുന്നത്. കവടിയാര്‍ വിവേകാനന്ദ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ പ്രകടനമായാണ് കുമ്മനം പത്രിക സമര്‍പ്പിക്കാന്‍ എത്തുക. 

മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീറും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 10 മണിക്ക് ഇരുവരും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് 11 മണിയോടെ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അമിത് മീണയ്ക്ക് മുമ്പാകെ പത്രിക സമര്‍പ്പിക്കും. 

സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിനമായ ഇന്നലെ എട്ടുപേരാണ് പത്രിക നല്‍കിയത്. സംസ്ഥാനത്തെ ആദ്യ പത്രിക തിരുവനന്തപുരത്തെ എസ് യു സി ഐ സ്ഥാനാര്‍ത്ഥി എസ് മിനിയുടേതാണ്. ഇടുക്കിയിലെ എല്‍ഡിഎഫ് സ്വതന്ത്രന്‍ ജോയ്‌സ് ജോര്‍ജ്ജാണ് ആദ്യദിനം പത്രിക സമര്‍പ്പിച്ച പ്രമുഖന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com