മീന്‍മണം അടിക്കുമ്പോള്‍ ഓക്കാനം വരുമെന്ന് ശശി തരൂര്‍;  ജാതിബോധമെന്ന് വിമര്‍ശനം, വിവാദം

മീന്‍മണം അടിക്കുമ്പോള്‍ ഓക്കാനം വരുമെന്ന് ശശി തരൂര്‍;  ജാതിബോധമെന്ന് വിമര്‍ശനം, വിവാദം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീന്‍ ചന്തയിലെത്തിയതിനെ കുറിച്ച് ശശി തരൂര്‍ ചെയ്ത ട്വീറ്റ് വിവാദത്തില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീന്‍ ചന്തയിലെത്തിയതിനെ കുറിച്ച് ശശി തരൂര്‍ ചെയ്ത ട്വീറ്റ് വിവാദത്തില്‍. മീന്‍മണം അടിക്കുമ്പോള്‍ ഓക്കാനം വരുന്ന തനിക്ക് പോലും വലിയ സ്വീകരണമാണ് അവിടെ ലഭിച്ചത് എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. ശശി തരൂരിന്റെ ഉള്ളിലെ ജാതിബോധമാണ് ഇത്തരത്തിലുള്ള ഒരു പോസ്റ്റിടാന്‍ പ്രേരിപ്പിച്ചതെന്നും മത്സ്യത്തൊഴിലാളികളെ അപമാനിക്കുകകയാണ് തരൂര്‍ ചെയ്തിരിക്കുന്നതെന്നുമാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. 


ജാതിയില്‍ കൂടിയവര്‍ അധികാരികള്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നറുകളില്‍ ഇതേ മീന്‍ കഴിക്കുമ്പോള്‍ ആരും മുഖം ചുളിക്കാത്തതെന്താണാവോ? മുഖം ചുളിക്കുന്നതുപോലുമല്ല പ്രശ്‌നം ജാതിമത അധികാര ബോധമാണ് പ്രശ്‌നം. പ്രളയത്തില്‍ നമ്മുടെ ദൈവമായിരുന്ന മത്സ്യമേഖലയിലുള്ള വരെ ഒരു നോക്കു കൊണ്ടും വാക്കുകൊണ്ടും പോലും അധിക്ഷേപിക്കുന്നത് വളരെ വളരെ മോശമാണ് എന്ന് തനുജ ഭട്ടത്തിരി ഫേയ്‌സ്ബുക്കില്‍ കുറിച്ചു. 

തനുജയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം: 

പരസ്പര ബഹുമാനമോ,സ്‌നേഹമോ ,കരുതലോ ഇല്ലാത്ത ലോകത്തേക്ക് നാം നീങ്ങുന്നതിന്റെ കാഴ്ചയാണ് ഇതൊക്കെ.എത്ര പഠിപ്പുണ്ടെങ്കിലും ലോകം കണ്ടിട്ടുണ്ടെങ്കിലും മനുഷ്യരെ കണ്ടിട്ടില്ല എന്നു ഞാന്‍ പറയും. അല്ലെങ്കില്‍ വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിക്കുന്നവരെ മാത്രം അറിയുമായിരിക്കും. എങ്ങനെയൊക്കെ മനുഷ്യര്‍ ജീവിക്കുന്നു!. എന്തൊക്കെ കഴിച്ച് ജീവിക്കുന്നു!. പല്ലിയും, പാറ്റയും, എലിയും ഒക്കെ ചിലര്‍ കഴിക്കാറുണ്ടെന്ന് നമുക്കറിയാം. അവരെക്കണ്ടാല്‍ അപ്പോള്‍ അടിച്ചോടിക്കുമോ? തങ്ങളുടെ താല്പര്യം പോലെ പ്രധാനമാണ് മറ്റുള്ളവരുടെയും എന്ന് ജന പ്രതിനിധികള്‍ കരുതണ്ടേ?

ഞാനിന്നു വരെ ഇറച്ചി മീന്‍, മുട്ട കഴിക്കാത്തയാളാണ്. ശീലമല്ലാത്തതുകൊണ്ട് ഇതൊന്നും കഴിക്കണം എന്ന തോന്നിയിട്ടില്ല .പക്ഷേ ഒരു സാമാന്യബോധം വന്നതിനു ശേഷം ഇതൊക്കെ ആരു കഴിച്ചാലും, കൂടെയിരുന്ന് കഴിച്ചാലും എനിക്ക് പ്രത്യേകിച്ചൊന്നുമില്ലായിരുന്നു .മറ്റുള്ളവരേയും അവരുടെ ഇഷ്ടങ്ങളെയും ബഹുമാനിക്കാന്‍ പഠിച്ചാല്‍ ആര്‍ക്കും മറ്റൊരാളുടെ ജീവിത രീതികളെ പുച്ഛിക്കാനാകില്ല.

ചേരികളില്‍ താമസിക്കുന്നവരേയും ,വൃത്തിയില്ലാത്ത അവരുടെ വീടിനേയും ,അവരുടെ കീറിയ അഴുക്കുപുരുണ്ട ഉടുപ്പുകളെയും അപ്പോള്‍ എത്ര അവജ്ഞയോടെയായിരിക്കും ഇവരൊക്കെ നോക്കുന്നത്. ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുന്നവരാണ് കയ്യില്‍ കിട്ടുന്നതെന്തും കഴിച്ചു ജീവിക്കുന്നത്. ഒരൊറ്റ മണി അരി പോലും അവര്‍ക്ക് കൊടുത്തിട്ടല്ല ഈ വാചകമൊന്നും .ജാതിയില്‍ കൂടിയവര്‍ അധികാരികള്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നറുകളില്‍ ഇതേ മീന്‍ കഴിക്കുമ്പോള്‍ ആരും മുഖം ചുളിക്കാത്തതെന്താണാവോ?

മുഖം ചുളിക്കുന്നതുപോലുമല്ല പ്രശ്‌നം ജാതിമത അധികാര ബോധമാണ് പ്രശ്‌നം. പ്രളയത്തില്‍ നമ്മുടെ ദൈവമായിരുന്ന മത്സ്യമേഖലയിലുള്ള വരെ ഒരു നോക്കു കൊണ്ടും വാക്കുകൊണ്ടും പോലും അധിക്ഷേപിക്കുന്നത് വളരെ വളരെ മോശമാണ്. തിരുത്തുക! മത്സ്യഗന്ധത്തെ കസ്തൂരിഗന്ധമാക്കിയിട്ടു തന്റേതാക്കുന്ന മഹര്‍ഷിമാരുടെ കാലം കഴിഞ്ഞു പോയെന്ന് ഓര്‍ക്കേണ്ടതാണ് നാമെല്ലാവരും.

വിമര്‍ശനമുന്നയിച്ച് റൂബിന്‍ ഡിക്രൂസ് എഴുതിയ കുറിപ്പ്: 

ശശി തരൂര്‍ ട്വീറ്റ് ചെയ്ത ഈ ഫോട്ടോയിലെ മുഖഭാവങ്ങള്‍ നോക്കൂ.ഈ ചുളിഞ്ഞ മുഖത്തോടെ എന്റെ അമ്മയെ ഒരാള്‍ നോക്കിയാല്‍ എനിക്ക് വിഷമമാകും.ഈ ഭാവങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഒരു കുഴപ്പവും ഇല്ലെന്ന് തോന്നുന്നതില്‍ ആണ് പ്രശ്‌നം.(ഖദറിട്ട് കൂടെ നില്ക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് ഒരു അറപ്പും ഇല്ല എന്നതാണ് കൗതുകകരം! അവര്‍ ദിവസവും ചന്തയില്‍ പോയി മീന്‍ വാങ്ങി തിന്നുന്നവരായിരിക്കും.)

ഇത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാത്ത ആളല്ല ശശി തരൂര്‍. പക്ഷേ, മീന്‍കാരികളെ ഇങ്ങനെ അവജ്ഞയോടെ നോക്കിയിട്ട് അത് വലിയ കേമത്തരമാണെന്ന് വിളിച്ചു പറയാം എന്നത് ജാതിയുടെ കീഴ്‌മേല്‍ നിലകൊണ്ടു സാധിക്കുന്നതാണ്. ശശി തരൂര്‍ ഇതു മനസ്സിലാക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com