വയനാട് രാഹുല്‍ ഗാന്ധിയുടെ വാട്ടര്‍ലൂ ; മതേതര ശക്തികളെ നിരാശപ്പെടുത്തിയെന്ന് പി പി സുനീർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st March 2019 02:29 PM |
Last Updated: 31st March 2019 02:29 PM | A+A A- |

കോഴിക്കോട് : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍നിന്ന് മത്സരിക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ തീരുമാനം ജനങ്ങളോടുള്ള വഞ്ചനയാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുനീര്‍. വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ ജനാധിപത്യ, മതേതര ശക്തികളെ നിരാശപ്പെടുത്തുകയാണ് രാഹുല്‍ ചെയ്യുന്നത്. വയനാട് രാഹുല്‍ ഗാന്ധിയുടെ വാട്ടര്‍ലൂ ആണെന്നും സുനീര്‍ പറഞ്ഞു.
രാഹുൽഗാന്ധിക്കും കോൺഗ്രസിനും തെരഞ്ഞെടുപ്പിൽ ജനങ്ങള്‍ മറുപടി നല്‍കും. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണ പരിപാടികള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും സുനീര്‍ പറഞ്ഞു. രാഹുൽ വയനാട്ടിൽ മൽസരിക്കുന്നതിനെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും വിമർശിച്ചു. വയനാട്ടിൽ രാഹുൽ എൽഡിഎഫിനെതിരെ മൽസരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നതെന്നായിരുന്നു യെച്ചൂരി ചോദിച്ചത്.
കോണ്‍ഗ്രസ് ഇപ്പോള്‍ മുഖ്യവിപത്തായി കാണുന്നത് ബിജെപിയല്ല ഇടതുപക്ഷത്തെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ വന്ന് ഇടതുപക്ഷത്തിന് എതിരായി മത്സരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ആകെ കിട്ടിയത് രണ്ട് സീറ്റാണ്. അതുപോലും കിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സന്ദേശം നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു.