ചൂര്‍ണിക്കര ഭൂമി തട്ടിപ്പ് : കസ്റ്റഡിയിലെടുത്ത റവന്യൂ ഉദ്യോഗസ്ഥന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ; അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

വ്യാജരേഖ നിര്‍മ്മിക്കാന്‍ അരുണിന്റെ സഹായം കിട്ടിയെന്ന് അബു പൊലീസിന് മൊഴി നല്‍കിയിരുന്നു
ചൂര്‍ണിക്കര ഭൂമി തട്ടിപ്പ് : കസ്റ്റഡിയിലെടുത്ത റവന്യൂ ഉദ്യോഗസ്ഥന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ; അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊച്ചി: ചൂര്‍ണിക്കര ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം ലാന്‍ഡ് റവന്യൂ കമ്മീഷന്‍ ഓഫീസിലെ ജീവനക്കാരന്‍ അരുണിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയിലായ സാഹചര്യത്തിലാണ് വിജിലന്‍സ് ചോദ്യം ചെയ്യുന്നത്. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യും. കേസന്വേഷണം വിജിലന്‍സ് പൂര്‍ണമായും ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്. 

വ്യാജരേഖ ഉണ്ടാക്കുന്നതിന് ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയെന്ന കേസിലെ മുഖ്യപ്രതി അബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്, തിരുവനന്തപുരം ലാന്‍ഡ് റവന്യൂ കമ്മീഷന്‍ ഓഫീസിലെ ജീവനക്കാരനായ അരുണിനെ പൊലീസ് പിടികൂടിയത്. ലാന്‍ഡ് റവന്യൂ കമ്മീഷന്‍ ഓഫീസിലെ ക്ലാര്‍ക്കായ അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

വ്യാജരേഖ നിര്‍മ്മിക്കാന്‍ അരുണിന്റെ സഹായം കിട്ടിയെന്ന് അബു പൊലീസിന് മൊഴി നല്‍കിയിരുന്നു. വ്യാജ ഉത്തരവില്‍ ലാന്റ് റവന്യൂ കമ്മീഷണറുടെ  സീല്‍ പതിപ്പിച്ചത് അരുണായിരുന്നു. വ്യാജ രേഖ ഉണ്ടാക്കുന്നതിലും മറ്റ് പ്രമാണങ്ങളില്‍ സീല്‍ പതിപ്പിക്കുന്നതിനും മുഖ്യ ഇടനിലക്കാരനായ അബുവിനെ സഹായിച്ചിരുന്നത് അരുണായിരുന്നു. അബുവും അരുണും ഉള്‍പ്പെടുന്ന സംഘം നടത്തിയ മറ്റ് ഭൂമിയിടപാടുകളും പൊലീസ് അന്വേഷിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ റവന്യൂ ഉദ്യോഗസ്ഥരുടെ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് സൂചന. 

പൊലീസ് കസ്റ്റഡിയിലെടുത്ത അരുണ്‍ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ  മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്നു. തിരുവഞ്ചൂര്‍ റവന്യൂ മന്ത്രിയായിരിക്കെ രണ്ട് വര്‍ഷത്തോളം ഇയാള്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. എന്നാല്‍  സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് ഇയാളെ തന്‍രെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കുകയായിരുന്നു എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നു. 

ചൂര്‍ണിക്കരയിലെ ഭൂമി തരം മാറ്റാന്‍ വ്യാജരേഖയുണ്ടാക്കിയത് ഇടനിലക്കാരനായ അബുവാണെന്ന് ഭൂമിയുടെ ഉടമസ്ഥനായ ഹംസ നേരത്തേ തന്നെ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. വ്യാജരേഖ ഉണ്ടാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അബു 7 ലക്ഷം രൂപ നല്‍കിയെന്നും ഹംസ മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഒളിവില്‍ പോയ കാലടി ശ്രീഭുതപുരം സ്വദേശി അബുവിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജരേഖകളുണ്ടാക്കിയതില്‍ അബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com