പൂരം വിളംബരം ചെയ്യാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും ; എഴുന്നള്ളത്തിന് ഉപാധികളോടെ അനുമതി

നാലു പാപ്പാന്മാരുടെ നിയന്ത്രണത്തിലായിരിക്കും തെച്ചിക്കോട് രാമചന്ദ്രന്‍ ക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കുക. ആനയുടെ 10 മീറ്റര്‍ പരിധി നിശ്ചയിച്ച് സുരക്ഷയ്ക്കായി ബാരിക്കേഡ് കെട്ടി തിരിക്കും
പൂരം വിളംബരം ചെയ്യാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും ; എഴുന്നള്ളത്തിന് ഉപാധികളോടെ അനുമതി

തൃശൂര്‍ : തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. കര്‍ശന ഉപാധികളോടെയാണ് അനുമതി നല്‍കിയിട്ടുള്ളത്. പൂരം വിളംബരം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചടങ്ങില്‍ എഴുന്നള്ളിക്കുന്നതിന് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്. പൂരം വിളംബരം ചെയ്തുകൊണ്ട് നാളെ രാവിലെ ക്ഷേത്രത്തിന്‍രെ തെക്കേഗോപുര നട തുറക്കുന്ന ചടങ്ങിലാകും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തുക.

ക്ഷേത്ര ചടങ്ങുകള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് കര്‍ശന നിര്‍ദേശം. രാവിലെ 9.30 മുതല്‍ 10. 30 വരെയാണ് വിലക്കിന് ഇളവ് നല്‍കിയിട്ടുള്ളത്. ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങിന് ഉപയോഗിക്കാന്‍ പാടുള്ളൂ. നാലു പാപ്പാന്മാരുടെ നിയന്ത്രണത്തിലായിരിക്കും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കുക. 

ആനയുടെ 10 മീറ്റര്‍ പരിധി നിശ്ചയിച്ച് സുരക്ഷയ്ക്കായി ബാരിക്കേഡ് കെട്ടി തിരിക്കും. ഇവിടേക്ക് ആളുകളെ പ്രവേശിപ്പിക്കരുതെന്നും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം ഉടന്‍ തന്നെ ആനയെ ഇവിടെ നിന്നും മാറ്റണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അനുമതി നല്‍കിയത്.

രാവിലെ ഡോക്ടര്‍മാരുടെ മൂന്നംഗവിദ്ഗ്ധ സംഘം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പരിശോധിച്ചിരുന്നു. ആനയുടെ ആരോഗ്യക്ഷമതയാണ് പരിശോധിച്ചത്. ആനയ്ക്ക് മദപ്പാടില്ലെന്നും, ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി. ആന പാപ്പാന്മാരെ അനുസരിക്കുന്നുണ്ടെന്നും, ശരീരത്തില്‍ പരിക്കുകളില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ പരിശോധന റിപ്പോര്‍്ട്ടിന്‍രെ അടിസ്ഥാനത്തിലാണ് പൂരത്തിന്‍രെ ആചാരച്ചടങ്ങിന് മാത്രം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com