ചെയർമാനെ നിശ്ചയിക്കുന്നത് ജില്ലാ പ്രസിഡന്റുമാരല്ല; ജോസ് കെ മാണിയുടെ പേര് ആരും നിർദ്ദേശിച്ചിട്ടില്ല; അങ്കത്തിനൊരുങ്ങി ജോസഫ്

ജോസ് കെ മാണിയെ ചെയർമാൻ ആക്കണമെന്ന നിർദ്ദേശം ഇല്ലെന്ന് പിജെ ജോസഫ്
ചെയർമാനെ നിശ്ചയിക്കുന്നത് ജില്ലാ പ്രസിഡന്റുമാരല്ല; ജോസ് കെ മാണിയുടെ പേര് ആരും നിർദ്ദേശിച്ചിട്ടില്ല; അങ്കത്തിനൊരുങ്ങി ജോസഫ്

കോട്ടയം: ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ്‌ ചെയർമാൻ ആക്കണമെന്ന നിർദ്ദേശം ഇല്ലെന്ന് പിജെ ജോസഫ്.  സിഎഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നും നിര്‍ദേശം ഇല്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ജില്ലാ പ്രസിഡന്റുമാരല്ലെന്നും പിജെ ജോസഫ് പറഞ്ഞു. ഒരു വിഭാഗത്തിനുമാത്രം സ്ഥാനങ്ങള്‍ വേണമെന്ന നിര്‍ദേശം വരുമെന്ന് കരുതുന്നില്ല. മാണിക്കൊപ്പം താനും രാജിവയ്ക്കണമെന്ന് പാര്‍ട്ടി തീരുമാനം ഉണ്ടായിരുന്നില്ല. ‘പ്രതിച്ഛായ’യിലെ ലേഖനത്തില്‍ വന്ന കാര്യങ്ങള്‍ തെറ്റാണെന്നും  ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

കെഎം മാണിയുടെ പിന്‍ഗാമിയായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജോസ് കെ.മാണിയെ കൊണ്ടുവരാനുള്ള നീക്കത്തോടു പ്രതികരിക്കുകയായിരുന്നു ജോസഫ്.  ജോസ് കെ.മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കണമെന്ന്  ആവശ്യപ്പെട്ട് ഒന്‍പത് ജില്ലാ പ്രസിഡന്റുമാര്‍ സി.എഫ് തോമസിനെ കണ്ടിരുന്നു. സി.എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നും ആവശ്യമുയര്‍ന്നു.  ജില്ലാ പ്രസിഡന്റുമാരുടെ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സി.എഫ് തോമസ് പ്രശ്നം വഷളാക്കരുതെന്ന് ആവശ്യപ്പെട്ടു.  തുടര്‍ന്ന് ജില്ലാ പ്രസിഡന്റുമാര്‍ പാലായിലെത്തി ജോസ് കെ.മാണിയുമായി ചര്‍ച്ച നടത്തി

ചെയര്‍മാന്‍ ആരാകണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി നേതൃത്വമെന്ന് ജോസ് കെ.മാണി പ്രതികരിച്ചു. തീരുമാനം വൈകാതെ ഉണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു. പാര്‍ട്ടിയില്‍ യോജിപ്പിനും ഐക്യത്തിനും ശ്രമം തുടരുകയാണെന്ന് സി.എഫ് തോമസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com