പൂര ആവേശത്തില്‍ തൃശൂര്‍ ; തിടമ്പേറ്റി തെക്കേഗോപുര നട തുറന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ; പൂരത്തിന് തുടക്കം

കടുത്ത സുരക്ഷാ സന്നാഹത്തോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പുരവിളംബര ചടങ്ങിലെ എഴുന്നള്ളത്തിനെത്തിച്ചത്
പൂര ആവേശത്തില്‍ തൃശൂര്‍ ; തിടമ്പേറ്റി തെക്കേഗോപുര നട തുറന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ; പൂരത്തിന് തുടക്കം

തൃശൂര്‍ : തൃശൂര്‍ പൂരത്തിന് ഔദ്യോഗിക തുടക്കം കുറിച്ച് പൂര വിളംബരം നടത്തി. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കുനാഥന്റെ തെക്കേഗോപുരനട തള്ളിത്തുറന്ന് അഭിവാദ്യം ചെയ്തതോടെയാണ് പൂരത്തിന് ഔദ്യോഗിക തുടക്കമായത്. കടുത്ത സുരക്ഷാ സന്നാഹത്തോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പുരവിളംബര ചടങ്ങിലെ എഴുന്നള്ളത്തിനെത്തിച്ചത്.

നെയ്‌തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തി അവിടെ നിന്നാണ് തിടമ്പ് രാമചന്ദ്രൻ ശിരസിലേറ്റിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നെയ്‌തലക്കാവിലമ്മയെ പുറത്തേറ്റി രാമചന്ദ്രൻ തെക്കേഗോപുരനട തുറന്നതോടെ ഈ വർഷത്തെ തൃശൂർ പൂരത്തിനു തുടക്കമായിരിക്കുകയാണ്. 

പതിവിന് വ്യത്യസ്ഥമായി ലോറിയിലാണ് രാമചന്ദ്രനെ വടക്കുംനാഥ ക്ഷേത്രത്തിൽ എത്തിച്ചത്. പൂരപ്രേമികളും ആനപ്രേമികളുമായി വലിയ ആൾക്കൂട്ടമാണ് ക്ഷേത്ര പരിസരത്ത് തടിച്ചുകീടിയത്. തേക്കിൻകാട് മൈതാനത്തേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എത്തിച്ചപ്പോൾ തിങ്ങിക്കൂടിയ പുരുഷാരം ആവേശത്തിമിർപ്പിലാറാടി. ഭഗവതിയുടെ തിടമ്പേറ്റി പടിഞ്ഞാറെ നടയിൽ കൂടിയാണ് രാമചന്ദ്രൻ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്.

രാമചന്ദ്രനെ എഴുപന്നള്ളിക്കുന്ന കാര്യത്തിൽ അവസാന നിമിഷം വരെ അനിശ്‌ചിതത്വം നിലനിന്നിരുന്നെങ്കിലും, ആനയ്‌ക്ക് ആരോഗ്യപ്രശ‌നങ്ങൾ ഒന്നുംതന്നെയില്ലെന്ന മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് കർശന ഉപാധികളോടെ ജില്ലാ കളക്‌ടർ അനുമതി നൽകുകയായിരുന്നു. രാമചന്ദ്രനെ കാണാൻ ജനക്കൂട്ടം തടിച്ചുകൂടിയതോടെ, സുരക്ഷ ഒരുക്കാൻ പൊലീസും വളരെ ബുദ്ധിമുട്ടി. മന്ത്രി വി എസ് സുനിൽകുമാർ, ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി സ്ഥലത്തുണ്ടായിരുന്നു. 

പൂരവിളംബരം നടത്തിയ ശേഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനിൽ നിന്നും നെയ്തലക്കാവ് ദേവിയുടെ തിടമ്പ്, നേരത്തെ രാമചന്ദ്രന് കൈമാറിയ ​ഗജരാജൻ ദേവീദാസന് കൈമാറി. തുടർന്ന് രണ്ട് ആനകളും പൂരപ്രേമികളെ അഭിവാദ്യം ചെയ്തു. ഇതിന് പിന്നാലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ലോറിയിൽക്കയറ്റി തേക്കിൻകാട് മൈതാനിയിൽ നിന്നും മാറ്റാനാണ് തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com