കാര്യമറിയാതെ കുറ്റപ്പെടുത്തി; എല്ലാ വശവും നോക്കാതെ തീര്‍പ്പു കല്‍പ്പിച്ചു: നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ പ്രതികരണവുമായി കാനറ ബാങ്ക്

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ തങ്ങളെ കാര്യമറിയാതെ കുറ്റപ്പെടുത്തിയെന്ന് കാനറ ബാങ്ക്
കാര്യമറിയാതെ കുറ്റപ്പെടുത്തി; എല്ലാ വശവും നോക്കാതെ തീര്‍പ്പു കല്‍പ്പിച്ചു: നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ പ്രതികരണവുമായി കാനറ ബാങ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ തങ്ങളെ കാര്യമറിയാതെ കുറ്റപ്പെടുത്തിയെന്ന് കാനറ ബാങ്ക്. ചന്ദ്രന് വായ്പ തിരിച്ചടക്കാന്‍ സാവകാശം നല്‍കിയിരുന്നുവെന്ന് ബാങ്ക് സീനിയര്‍ മാനേജര്‍ ജേക്കബ് പറഞ്ഞു. കുടുംബത്തെ സമ്മര്‍ദത്തിലാക്കിയിട്ടില്ല. എല്ലാവശവും നോക്കാതെ തീര്‍പ്പ് കല്‍പ്പിച്ചു. ഇനിയും കുടുംബത്തിന് ഇളവ് നല്‍കാന്‍ തയ്യാറാണെന്നും ബാങ്ക് മാനേജര്‍ വ്യക്തമാക്കി. 

ലേഖയും മകളും മരിച്ചത് കുടുംബ പ്രശ്‌നങ്ങള്‍ മൂലമാണെന്ന ആത്മഹത്യ കുറിപ്പ് പുറത്തുവരികയും ഭര്‍ത്താവ് ചന്ദ്രനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്തതിനും പിന്നാലെയാണ് പ്രതികരണവുമായി ബാങ്ക് അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് നെയ്യാറ്റിന്‍കര സ്വദേശിനി ലേഖയും മകള്‍ വൈഷ്ണവും തീകൊളുത്തി ആത്മഹത്യ ചെയ്തത്. ബാങ്ക് ജപ്തി ഭീഷണി മുഴക്കിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ. ഇതിന് പിന്നാലെ ബാങ്കിന് എതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. തിരുവനന്തപുരം സ്റ്റാച്യുവിലെ കാനറ റീജിയണല്‍ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. 

ആത്മഹത്യാക്കുറിപ്പ് ഇന്ന് രാവിലെ സയന്റിഫിക് പരിശോധനക്കിടെയാണ് കണ്ടെടുത്തത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഭര്‍ത്താവ് ചന്ദ്രനും അമ്മ കൃഷ്ണമ്മയും അവരുടെ സഹോദരിയും ഭര്‍ത്താവുമാണെന്ന് ആത്മഹത്യയ്ക്ക് കാരണമെന്നും കുറിപ്പില്‍ പറയുന്നു.  ആത്മഹത്യാക്കുറിപ്പിന് പുറമെ വലിയ ബോര്‍ഡില്‍, 'എന്റെയും മോളുടെയും മരണത്തിന് കാരണം കൃഷ്ണമ്മ, ശാന്ത, കാശി, ചന്ദ്രന്‍ എന്നിവര്‍ക്കാണെന്നും' എഴുതിവെച്ചിട്ടുണ്ട്.

വീട്ടില്‍ മന്ത്രവാദം സ്ഥിരമായി നടക്കാറുണ്ട്. തന്നെയും മകളെയും കുറിച്ച് നാട്ടില്‍ അപവാദ പ്രചാരണം നടത്തി. പലആള്‍ക്കാരെക്കൊണ്ടും കൊല്ലാന്‍ ശ്രമിച്ചു. ചന്ദ്രനില്‍ നിന്നും തന്നെയും മകളെയും അകറ്റാന്‍ ഭര്‍ത്താവിന്റെ അമ്മയായ കൃഷ്ണമ്മ ശ്രമിച്ചു. ചന്ദ്രന്‍ വേറെ വിവാഹം കഴിച്ചാന്‍ ശ്രമിച്ചെന്നും ലേഖ കത്തില്‍ സൂചിപ്പിക്കുന്നു.

ബാങ്ക് ജപ്തി നോട്ടീസ് അയച്ചിട്ടും അത് വീട്ടുന്നതിന് ചന്ദ്രന്‍ യാതൊരു താല്‍പ്പര്യവും കാണിച്ചിരുന്നില്ല. ജപ്തി ഒഴിവാക്കാന്‍ ഭര്‍ത്താവും കുടുംബവും ശ്രമിച്ചില്ല. വീട് വിറ്റ് പണം നല്‍കാനുള്ള നീക്കത്തെ കൃഷ്ണമ്മയും ബന്ധുക്കളും എതിര്‍ത്തു. വീട് വില്‍ക്കാന്‍ പല ഇടപാടുകാരെ കണ്ടപ്പോഴും അട്ടിമറിച്ചത് കൃഷ്ണമ്മയും ബന്ധുക്കളുമാണ്.

ചന്ദ്രന്‍ നാട്ടുകാരില്‍ നിന്നും നിരവധി പണം കടംവാങ്ങിയിട്ടുണ്ട്. ഈ പണം മടക്കിനല്‍കാനും തയ്യാറായിരുന്നില്ല. ഇതുസംബന്ധിച്ച് നാട്ടുകാര്‍ ചോദിക്കുന്നതും മനോവിഷമത്തിന് ഇടയാക്കി. കല്യാണം കഴിച്ചു വന്ന കാലം മുതല്‍ കൃഷ്ണമ്മയും ബന്ധുക്കളും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നതായും ആത്മഹത്യാക്കുറിപ്പില്‍ ലേഖ സൂചിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com