പാലക്കാട്ടും ആറ്റിങ്ങലിലും അട്ടിമറി ജയം ; പലരും കണക്കിലെടുക്കാത്ത ഘടകങ്ങള്‍ അനുകൂലമാകും ; രാഹുലിന് മൂന്നര ലക്ഷവും ഡീനും ആന്റോയ്ക്കും അര ലക്ഷത്തിലേറെയും ഭൂരിപക്ഷം ; കെപിസിസിയുടെ കണക്കുകള്‍

കോഴിക്കോട്, കണ്ണൂര്‍, വടകര സീറ്റുകള്‍ ഭേദപ്പെട്ട സീറ്റുകളോടെ യുഡിഎഫ് പിടിക്കും. രാഷ്ട്രീയവോട്ടുകള്‍ക്ക് അപ്പുറത്തുള്ള ഘടകങ്ങള്‍ പ്രവര്‍ത്തിച്ച ആലപ്പുഴയിലും യുഡിഎഫ് സീറ്റ് നിലനിര്‍ത്തും
പാലക്കാട്ടും ആറ്റിങ്ങലിലും അട്ടിമറി ജയം ; പലരും കണക്കിലെടുക്കാത്ത ഘടകങ്ങള്‍ അനുകൂലമാകും ; രാഹുലിന് മൂന്നര ലക്ഷവും ഡീനും ആന്റോയ്ക്കും അര ലക്ഷത്തിലേറെയും ഭൂരിപക്ഷം ; കെപിസിസിയുടെ കണക്കുകള്‍

തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് സീറ്റില്‍ ജയസാധ്യത കുറവാണെന്ന വിലയിരുത്തലുകളെ തള്ളി പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ രംഗത്തുവന്നു. പാലക്കാട് മണ്ഡലത്തില്‍ യുഡിഎപ് അട്ടിമറി വിജയം നേടുമെന്നാണ് കെപിസിസി നേതൃയോഗത്തില്‍ പാലക്കാട് ഡിസിസി പ്രസിഡന്റ് കൂടിയായ ശ്രീകണ്ഠന്‍ വ്യക്തമാക്കിയത്. 19 സീറ്റ് കിട്ടിയാലും പാലക്കാട് ജയിക്കില്ലെന്ന് പറയുന്നവര്‍ക്ക് തെറ്റുമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തില്‍ 20 ല്‍ 20 സീറ്റിലും ജയിക്കാവുന്ന രാഷ്ട്രീയ സാഹചര്യം ഉണ്ടെന്നായിരുന്നു യുഡിഎഫ് നേതൃയോഗത്തിലെ വിലയിരുത്തല്‍. ഇത് തള്ളിക്കളഞ്ഞ ശ്രീകണ്ഠന്‍, 19 സീറ്റ് കിട്ടിയാലും പാലക്കാട് ജയിക്കില്ലെന്നും ഇരുപതാമത്തെ സീറ്റാണെന്ന് പറയുന്നവര്‍ക്കെല്ലാം തെറ്റിപ്പോകുമെന്നും കെപിസിസി യോഗത്തില്‍ പറഞ്ഞു. പലരും കണക്കിലെടുക്കാത്ത ഘടകങ്ങള്‍ അനുകൂലമായി വരുമെന്നും ശ്രീകണ്ഠന്‍ ചൂണ്ടിക്കാട്ടി. 

ആറ്റിങ്ങലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് അട്ടിമറി ജയം നേടുമെന്നും, തെരഞ്ഞെടുപ്പുരംഗത്ത് പ്രവര്‍ത്തിച്ച ഒരാളും തിരുവനന്തപുരത്ത് ശശി തരൂര്‍ ജയിക്കില്ലെന്ന് പറയില്ലെന്നും തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ വ്യക്തമാക്കി. കാസര്‍കോട് നേരിയ ഭൂരിപക്ഷത്തിന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ജയിക്കുമെന്ന് കാസര്‍കോട് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നേല്‍ പറഞ്ഞു. 

വയനാട്ടില്‍ രാഹുല്‍ഗാന്ധിക്ക് മൂന്നു മുതല്‍ മൂന്നര ലക്ഷം വരെ ഭൂരിപക്ഷം ലഭിക്കുമെന്ന് വയനാട് ഡിസിസി നേതൃത്വം നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കോഴിക്കോട്, കണ്ണൂര്‍, വടകര സീറ്റുകള്‍ ഭേദപ്പെട്ട സീറ്റുകളോടെ യുഡിഎഫ് പിടിക്കും. രാഷ്ട്രീയവോട്ടുകള്‍ക്ക് അപ്പുറത്തുള്ള ഘടകങ്ങള്‍ പ്രവര്‍ത്തിച്ച ആലപ്പുഴയിലും യുഡിഎഫ് സീറ്റ് നിലനിര്‍ത്തും. 

പത്തനംതിട്ടയില്‍ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഡിസിസി നേതൃത്വം അവകാശപ്പെട്ടത്. ഇടുക്കിയില്‍ 59,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിന്റെ ഡീന്‍ കുര്യാക്കോസ് വിജയിക്കും. എറണാകുളത്തും മാവേലിക്കരയിലും മികച്ച ഭൂരിപക്ഷം തന്നെ ലഭിക്കുമെന്നും ഡിസിസി നേതൃത്വം നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ഒരു മണ്ഡലത്തിലും ബിജെപി രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും ഡിസിസി നേതൃത്വങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com