പാളത്തിൽ കല്ലു നിരത്തി ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; കോട്ടയത്ത് ഒരാൾ അറസ്റ്റിൽ

റെയിൽ പാളത്തിൽ കല്ലു നിരത്തി ട്രെയിൻ അപകടപ്പെടുത്താൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി
പാളത്തിൽ കല്ലു നിരത്തി ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; കോട്ടയത്ത് ഒരാൾ അറസ്റ്റിൽ

കോട്ടയം: റെയിൽ പാളത്തിൽ കല്ലു നിരത്തി ട്രെയിൻ അപകടപ്പെടുത്താൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. തമിഴ്നാട് പുതുക്കോട്ട സ്വദേശി നാഗരാജിനെയാണ് റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സംക്രാന്തി കൊച്ചടിച്ചിറയിൽ തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. 

തിങ്കളാഴ്ച്ച വൈകീട്ട് സംക്രാന്തി കൊച്ചടിച്ചിറയ്ക് സമീപം പാളത്തിൽ നിരത്തിയ കല്ലിൽ തട്ടി കോട്ടയം വഴി കടന്നു പോയ ഗരീബ് രഥ് എക്സ്പ്രസ്  ഉലഞ്ഞിരുന്നു. ഈ വിവരം ലോക്കോ പൈലറ്റ് ഏറ്റുമാനൂര്‍ സ്റ്റേഷന്‍ മാസ്റ്ററെ അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് റെയില്‍വെ പൊലീസ് നടത്തിയ തെരച്ചിലിലാണ് അട്ടിമറി ശ്രമം ബോധ്യമായത്. 

പാളത്തിൽ ചെരുപ്പ് കയറ്റി വച്ച ശേഷം അതിന് മുകളിലാണ് നാഗരാജ് കല്ലുകൾ നിരത്തി വച്ചത്. സംഭവ സ്ഥലത്തെത്തി കല്ലുകൾ നീക്കം ചെയ്ത റെയിൽവെ പോലീസ് തുടർന്നുള്ള അന്വേഷണത്തില്‍ നാഗരാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംക്രാന്തിയിലെ ഒരു ഹോളോബ്രിക്സ് സ്ഥാപനത്തിലെ തൊഴിലാളിയാണ് ഇയാൾ. 

ട്രെയിൻ യാത്രക്കാരുടെ ജീവൻ അപകടപ്പെടുത്താനും റെയിൽപാളത്തിൽ അതിക്രമിച്ച് കയറിയതിനും റെയിൽവെ ആക്ട് 153, 147 പ്രകാരമാണ് നാ​ഗരാജിനെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ആറ് വർഷം വരെ തടവ് ശിക്ഷ ഇയാള്‍ക്ക് ലഭിക്കും. 2016ലും  പാളത്തിൽ കല്ല് നിരത്തി ട്രെയിൻ അപകടപ്പെടുത്താൻ ചങ്ങനാശേരിയിൽ നീക്കം നടന്നിരുന്നു. ഈ കേസില്‍ തമിഴ്നാട് സ്വദേശിയടക്കം രണ്ട് പേരെ കോടതി ശിക്ഷിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com