അധ്യാപകന്‍ തിരുത്തിയ ഭാഗം വെട്ടികുറച്ചിട്ടും വിദ്യാര്‍ത്ഥിക്ക് ഫുള്‍ എ പ്ലസ്; രണ്ട് വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതും

അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയതായി തെളിഞ്ഞതോടെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലം തടഞ്ഞു വെച്ചിരിക്കുകയായിരുന്നു
അധ്യാപകന്‍ തിരുത്തിയ ഭാഗം വെട്ടികുറച്ചിട്ടും വിദ്യാര്‍ത്ഥിക്ക് ഫുള്‍ എ പ്ലസ്; രണ്ട് വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതും

കാസര്‍കോട്; നീലീശ്വരത്തെ ഗവ. ഹയര്‍സെക്കന്‍ഡറി അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയ ഒരു വിദ്യാര്‍ത്ഥിയുടെ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. അധ്യാപകന്‍ തിരുത്തിയ ഭാഗത്തിന്റെ മാര്‍ക്ക് വെട്ടിക്കുറച്ചിട്ടും വിദ്യാര്‍ത്ഥി മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയതായി തെളിഞ്ഞതോടെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലം തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. 

കുട്ടികളുടെ ഉത്തരപ്പേപ്പറില്‍ അധ്യാപകന്‍ എഴുതിച്ചേര്‍ത്ത മാര്‍ക്ക് ഒഴിവാക്കിയാല്‍ ജയിക്കുമെങ്കില്‍ അവരുടെ ഫലം പുറത്തുവിടാമെന്ന് ധാരണയായിരുന്നു. ഈ വിദ്യാര്‍ത്ഥിയുടെ ഉത്തരപ്പേപ്പറില്‍ അധ്യാപകന്‍ എഴുതിച്ചേര്‍ത്ത ഭാഗം ഒഴിവാക്കിയിട്ടും കുട്ടിക്ക് നല്ല മാര്‍ക്കുണ്ട്. എന്‍സിസിയുടെ ഗ്രേസ് മാര്‍ക്ക് കൂടി ചേര്‍ത്തപ്പോള്‍ എല്ലാറ്റിലും എ പ്ലസ്സും ലഭിക്കുകയായിരുന്നു. 

സ്‌കൂളിലെ കംമ്പ്യൂട്ടര്‍ അധ്യാപകനായ നിഷാദ് വി. മുഹമ്മദാണ് വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ എഴുതുകയും ഉത്തരക്കടലാസുകള്‍ തിരുത്തുകയും ചെയ്തത്. അതിനിടെ അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയ പരീക്ഷ റദ്ദാക്കി കൊണ്ട്, വീണ്ടും പരീക്ഷ എഴുതണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചിട്ടുണ്ട്. രണ്ട് കുട്ടികളാണ് ഇംഗ്ലീഷ് പരീക്ഷ എഴുതാന്‍ ഒരുങ്ങുന്നത്. തീരുമാനം ആദ്യം കുട്ടികള്‍  എതിര്‍ക്കുകയും പിന്നീട് അംഗീകരിക്കുകയുമായിരുന്നു. 

സേ പരീക്ഷയോടൊപ്പം പ്രത്യേക സംവിധാനത്തോടും സൗകര്യത്തോടും കൂടിയാണ് ഫലം തടയപ്പെട്ട രണ്ടു പേരുടെയും പരീക്ഷ നടക്കുക. ഇക്കാര്യം വിദ്യാര്‍ഥികളുടെ മൊഴിയെടുക്കവെ ഉറപ്പുനല്‍കിയിരുന്നു. ഈ വര്‍ഷം തന്നെ  കോളജ് പ്രവേശനത്തിന് അപേക്ഷ നല്‍കാനുള്ള അവസരം ഉള്‍പ്പെടെ നഷ്ടപ്പെടുകയില്ലെന്ന അധ്യാപകരുടെയും  വിദ്യഭ്യാസ വകുപ്പിന്റെയും ഉറപ്പിന്മേലാണ് കുട്ടികള്‍ വീണ്ടും പരീക്ഷയെഴുതുന്നത്.

അതേസമയം, സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വ്യാപക ക്രമക്കേടെന്ന് വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. കൂടുതല്‍ ഉത്തരക്കടലാസുകള്‍ തിരുത്തിയതായി സംശയമുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അധ്യാപകരുടെ പങ്ക് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. പ്ലസ് വണ്‍ കൊമേഴ്!സിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പേപ്പറിന്റെ 31 ഉത്തരക്കടലാസുകള്‍ തിരുത്തിയതില്‍ രണ്ട് കുട്ടികള്‍ രണ്ട് കുട്ടികള്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മറ്റ് 30 പേരുടെ പരീക്ഷയുടെ കാര്യം പിന്നീട് തീരുമാനിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com