പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് നാളെ; ജൂണ്‍ മൂന്നിന് ക്ലാസുകള്‍ തുടങ്ങും

ജൂണ്‍ 3ന് മുമ്പ് രണ്ട് പ്രധാന അലോട്ട്‌മെന്റുകളും പൂര്‍ത്തിയാക്കി 3ന് ക്ലാസ് ആരംഭിക്കും
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് നാളെ; ജൂണ്‍ മൂന്നിന് ക്ലാസുകള്‍ തുടങ്ങും

തിരുവനന്തപുരം; സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും. ഇത്തവണ സ്‌കൂളുകളിലെ സീറ്റുകളുടെ എണ്ണം 20 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ആദ്യ അലോട്ട്‌മെന്റ് 24 നാണ് പ്രസിദ്ധീകരിക്കുന്നത്. 

4,99,030 വിദ്യാര്‍ത്ഥികളാണ് പ്രവേശനത്തിനായി സമീപിച്ചിരിക്കുന്നത്. ഇവരുടെ വെരിഫിക്കേഷന്‍ നടപടികള്‍ സ്‌കൂളുകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. 3,61,763 പ്ലസ് വണ്‍ സീറ്റുകളാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം ആനുപാതിക സീറ്റ് വര്‍ദ്ധനയ്ക്ക് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതേ മാതൃകയില്‍ ഇത്തവണയും 20 ശതമാനം സീറ്റ് വര്‍ദ്ധിപ്പിക്കും.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ആദ്യ അലോട്ട്‌മെന്റിന് മുന്‍പ് സീറ്റ് വര്‍ദ്ധന നടപ്പാക്കാന്‍ കഴിയില്ല. ആദ്യ അലോട്ട്‌മെന്റിന് ശേഷമായിരിക്കും അധിക സീറ്റ് ലഭ്യമാകുക. പ്രധാന അലോട്ട്‌മെന്റില്‍ പ്രവേശനം സാദ്ധ്യമാകാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനു മുമ്പ് സീറ്റ് വര്‍ദ്ധിപ്പിക്കുന്നതോടെ പ്രവേശനം സാദ്ധ്യമാകും.

ജൂണ്‍ 3ന് മുമ്പ് രണ്ട് പ്രധാന അലോട്ട്‌മെന്റുകളും പൂര്‍ത്തിയാക്കി 3ന് ക്ലാസ് ആരംഭിക്കും. തുടര്‍ന്ന്, ജൂലായ് അഞ്ചിനകം രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ കൂടി നടത്തും. സേ പരീക്ഷാഫലം കൂടി കണക്കിലെടുത്താണിത്. പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ ഇക്കുറി പരമാവധി കുറയ്ക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com