പ്ലസ് വണ്‍ പ്രവേശനം: ട്രയൽ അലോട്ട്മെന്‍റ് ഇന്ന് രാവിലെ പ്രസിദ്ധീകരിക്കും 

ചൊവ്വാഴ്ച വരെ വിദ്യാര്‍ഥികൾക്ക് ട്രയല്‍ റിസല്‍ട്ട് പരിശോധിക്കാനാകും
പ്ലസ് വണ്‍ പ്രവേശനം: ട്രയൽ അലോട്ട്മെന്‍റ് ഇന്ന് രാവിലെ പ്രസിദ്ധീകരിക്കും 

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് രാവിലെ10മണിക്ക് പ്രസിദ്ധീകരിക്കും. www.hscap.kerala.gov.in എന്ന വെബ്സൈറ്റിലാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ചൊവ്വാഴ്ച വരെ വിദ്യാര്‍ഥികൾക്ക് ട്രയല്‍ റിസല്‍ട്ട് പരിശോധിക്കാനാകും. 

വെള്ളിയാഴ്ച നടക്കുന്ന ഒന്നാം അലോട്ട്മെന്‍റിലെ സാധ്യത സൂചിപ്പിക്കുന്നതായിരിക്കും ഇന്ന് പ്രസിദ്ധീകരിക്കുന്ന ട്രയൽ അലോട്ട്മെന്‍റ്. ട്രയൽ അലോട്ട്മെന്‍റിനുശേഷവും ഓപ്ഷനുകള്‍ അടക്കമുള്ള തിരുത്തലുകള്‍ വരുത്താവുന്നതാണ്. അപേക്ഷിച്ച സ്കൂളുകളില്‍ തന്നെ ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്കു മുമ്പായി തിരുത്തലുകൾ സമർപ്പിക്കണം.  

തെറ്റായ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അലോട്ട്മെന്‍റ് റദ്ദാക്കപ്പെടും. അപേക്ഷകർക്കുള്ള നിർദേശങ്ങളും www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. 

4,99,030 വിദ്യാര്‍ത്ഥികളാണ് പ്രവേശനത്തിനായി സമീപിച്ചിരിക്കുന്നത്. ഇവരുടെ വെരിഫിക്കേഷന്‍ നടപടികള്‍ സ്‌കൂളുകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. 3,61,763 പ്ലസ് വണ്‍ സീറ്റുകളാണ് നിലവിലുള്ളത്. കഴിഞ്ഞ വർഷത്തെപോലെ ഈ വർഷവും സീറ്റ് വർദ്ധന ഉണ്ടാകുമെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ആദ്യ അലോട്ട്‌മെന്റിന് മുന്‍പ് ഇത് നടപ്പാക്കാന്‍ കഴിയില്ല. ആദ്യ അലോട്ട്‌മെന്റിന് ശേഷമായിരിക്കും അധിക സീറ്റ് ലഭ്യമാകുക. പ്രധാന അലോട്ട്‌മെന്റില്‍ പ്രവേശനം സാദ്ധ്യമാകാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനു മുമ്പ് സീറ്റ് വര്‍ദ്ധിപ്പിക്കുന്നതോടെ പ്രവേശനം സാദ്ധ്യമാകും.

ജൂണ്‍ 3ന് മുമ്പ് രണ്ട് പ്രധാന അലോട്ട്‌മെന്റുകളും പൂര്‍ത്തിയാക്കി 3ന് ക്ലാസ് ആരംഭിക്കും. തുടര്‍ന്ന്, ജൂലായ് അഞ്ചിനകം രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ കൂടി നടത്തും. സേ പരീക്ഷാഫലം കൂടി കണക്കിലെടുത്താണിത്. പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ ഇക്കുറി പരമാവധി കുറയ്ക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com