വാഹനമോടിച്ച് നേപ്പാളില്‍ പോയി ചരസ് എത്തിച്ചു; 13 കോടിയുടെ ചരസുമായി പ്രധാനകണ്ണി കൊച്ചിയില്‍ പിടിയില്‍

വാഹനമോടിച്ച് നേപ്പാളില്‍ പോയി ചരസ് എത്തിച്ചു - 13 കോടിയുടെ ചരസുമായി പ്രധാനകണ്ണി കൊച്ചിയില്‍ പിടിയില്‍
വാഹനമോടിച്ച് നേപ്പാളില്‍ പോയി ചരസ് എത്തിച്ചു; 13 കോടിയുടെ ചരസുമായി പ്രധാനകണ്ണി കൊച്ചിയില്‍ പിടിയില്‍

കൊച്ചി: എക്‌സൈസ് സംഘത്തെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച  അന്താരാഷ്ട്ര ലഹരിമരുന്നുകടത്ത് സംഘത്തിലെ പ്രധാനകണ്ണിയെ പിടികൂടി. പുതുവൈപ്പ് ലൈറ്റ് ഹൗസിനു സമീപം ആലുവപ്പറമ്പില്‍ വര്‍ഗീസ് ജൂഡ്‌സനാണ് (52)  പിടിയിലായത്. ഇയാളുടെ വാഹനത്തില്‍നിന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 13 കോടി രൂപയോളം വിലവരുന്ന 6.5 കിലോ ചരസ് പിടിച്ചെടുത്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ചരസുവേട്ടയാണിതെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ കെ ചന്ദ്രപാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  നേപ്പാളില്‍ നിര്‍മിച്ച പിസ്റ്റളും എട്ടു തിരകളും മഹീന്ദ്ര എക്‌സ്‌യുവി വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ തിരയുന്ന ലഹരിമരുന്നുകടത്ത് സംഘാംഗമാണ് വര്‍ഗീസ് ജൂഡ്‌സണ്‍. ബുധനാഴ്ച പകല്‍ 12ഓടെ മൂലമ്പിള്ളിയില്‍നിന്നാണ് പിടിയിലായത്.  എക്‌സൈസ് സംഘാംഗങ്ങള്‍ ഇടപാടുകാരായി നടിച്ച് വന്‍ തുക വാഗ്ദാനംചെയ്താണ് വര്‍ഗീസ് ജൂഡ്‌സണെ വലയിലാക്കിയത്. മയക്കുമരുന്ന് കൈമാറാനെത്തിയ ജൂഡ്‌സണ്‍ എക്‌സൈസ് സംഘത്തെ തിരിച്ചറിഞ്ഞ് വാഹനം വേഗത്തില്‍ ഓടിച്ചുപോയി. എക്‌സൈസ് പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തിയപ്പോള്‍ തോക്കുചൂണ്ടി  രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് വാഹനത്തില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മല്‍പ്പിടിത്തത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. 

വാഹനമോടിച്ച്  നേപ്പാളില്‍ പോയാണ് ചരസ് കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നത്.  മയക്കുമരുന്ന് വിവിധ ഭാഗങ്ങളില്‍ എത്തിക്കാനായി റെന്റ് എ കാര്‍ ബിസിനസും നടത്തിയിരുന്നു.  പ്രതിയെ പിടികൂടിയ സംഘത്തിന് എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് 25,000 രൂപ റിവാര്‍ഡ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com