പദ്മജ തൃശൂരില്‍നിന്നു വട്ടിയൂര്‍ക്കാവിലേക്ക്, ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കും; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ക്കു തുടക്കം

പദ്മജ തൃശൂരില്‍നിന്നു വട്ടിയൂര്‍ക്കാവിലേക്ക്, ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കും; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ക്കു തുടക്കം
പദ്മജ തൃശൂരില്‍നിന്നു വട്ടിയൂര്‍ക്കാവിലേക്ക്, ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കും; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ക്കു തുടക്കം

തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറി പദ്മജ വേണുഗോപാല്‍ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. കെ മുരളീധരന്‍ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നു നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങി.

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളില്‍ ഒന്നായാണ് വട്ടിയൂര്‍ക്കാവ് പരിഗണിക്കപ്പെടുന്നത്. ഈ സീറ്റിലെ വിജയം അഭിമാനപ്രശ്‌നം ആയതിനാല്‍ എല്ലാ ഘടകങ്ങളും പരിഗണിച്ചുകൊണ്ടാവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുക. കെ മുരളീധരന്‍ മണ്ഡലത്തിലെ ജനകീയനായ പ്രതിനിധിയായി വിശേഷിപ്പിക്കപ്പെട്ടയാളാണ്. അതുകൊണ്ടുതന്നെ മുരളീധരന്റെ സഹോദരി എന്ന നിലയില്‍ പദ്മജയ്ക്കു കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ആയിരുന്നു വട്ടിയൂര്‍ക്കാവില്‍ മുരളീധനു പിന്നിലായി രണ്ടാം സ്ഥാനത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ കുമ്മനം തന്നെയാണ് രണ്ടാമത് എത്തിയത്. ബിജെപിക്ക് ശക്തമായ വേരുകളുള്ള മണ്ഡലം പിടിച്ചെടുക്കാന്‍ അവരുടെ ഭാഗത്തുനിന്നു കടുത്ത ശ്രമമുണ്ടാവും എന്നതിനാല്‍ ശ്രദ്ധാപൂര്‍വമാണ്  കോണ്‍ഗ്രസിന്റെ നീക്കം. വട്ടിയൂര്‍ക്കാവില്‍ ബിജെപി ജയിച്ചാല്‍ കോണ്‍ഗ്രസ്-ബിജെപി ധാരണ എന്ന എല്‍ഡിഎഫിന്റെ ആക്ഷേപത്തിന് ശക്തി കൂടും എന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വട്ടിയൂര്‍ക്കാവില്‍ തിരിച്ചു സഹായിക്കുക എന്ന നിബന്ധനയോടെ വടകയില്‍ മുരളീധരന് ബിജെപി വോട്ടുകള്‍ കിട്ടിയിട്ടുണ്ടൈന്നു സിപിഎം ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം തൃശൂരില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്ന പദ്മജ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാവുന്നതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും സൂചനയുണ്ട്. കഴിഞ്ഞ തവണ തൃശൂരില്‍ പരാജയപ്പെട്ട പദ്മജ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ അവിടെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയാണെന്ന് അടുപ്പമുള്ളവര്‍ പറയുന്നു.

പദ്മജയ്ക്കു പുറമേ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന ആര്‍വി രാജേഷ് ആണ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പരിഗണിക്കുന്ന പ്രധാനപ്പെട്ട പേര്. തിരുവിതാംകൂര്‍  ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍, മുന്‍ എംഎല്‍എ പാലോട് രവി എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com