‘മഹ’യ്ക്ക് പിന്നാലെ ‘ബുൾബുൾ’ ചുഴലിക്കാറ്റ് വരുന്നു ; അതിതീവ്ര ചുഴലിയെന്ന് കാലാവസ്ഥാ വകുപ്പ്; കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്

ഈവർഷം ഇതുവരെ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി ആറ്ചുഴലിക്കാറ്റുകളാണ് ഉണ്ടായത്. ബുൾബുൾകൂടി വരുന്നതോടെ ഏഴാവും
‘മഹ’യ്ക്ക് പിന്നാലെ ‘ബുൾബുൾ’ ചുഴലിക്കാറ്റ് വരുന്നു ; അതിതീവ്ര ചുഴലിയെന്ന് കാലാവസ്ഥാ വകുപ്പ്; കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്

തിരുവനന്തപുരം: അറബിക്കടലിലെ ‘മഹ’ ചുഴലിക്കാറ്റിനു പിന്നാലെ, ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദവും ചുഴലിക്കാറ്റാകുന്നു.  ബംഗാൾ ഉൾക്കടലിൽ അന്തമാൻ സമുദ്രത്തോടു ചേർന്നാണ് ന്യൂനമർദം രൂപപ്പെട്ടത്. ചുഴലിക്കാറ്റായി മാറുന്ന ഇതിന് ‘ബുൾബുൾ’ എന്നാണ് പേരിട്ടിരിക്കുന്നത്. പാകിസ്ഥാനാണ് പേര് നിർദേശിച്ചത്.

ബുൾബുൾ ചുഴലിക്കാറ്റും, മഹയെപ്പോലെ അതിതീവ്ര ചുഴലിയായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. എന്നാൽ ഈ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കില്ല. ബുധനാഴ്ച ഇത് ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാൾ, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്കു നീങ്ങുമെന്നാണു കരുതുന്നത്. എട്ടാംതീയതിയോടെ കാറ്റ് അതിതീവ്രമാകും.

അതേസമയം കേരളത്തിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.  വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, മഹ ചുഴലിക്കാറ്റ് വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ഗുജറാത്ത് തീരത്ത് ദിയുവിനു സമീപത്തായി വീശുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിതീവ്ര ചുഴലിക്കാറ്റായിരുന്ന മഹയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഈവർഷം ഇതുവരെ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി ആറ്ചുഴലിക്കാറ്റുകളാണ് ഉണ്ടായത്. ബുൾബുൾകൂടി വരുന്നതോടെ ഏഴാവും. 2018-ൽ ഉണ്ടായത് ഏഴു ചുഴലിക്കാറ്റുകൾ. കാറ്റിന്റെ എണ്ണത്തിൽ 33 വർഷത്തെ റെക്കോഡാണ് കഴിഞ്ഞവർഷം തകർന്നത്. ഈ വർഷം അതും തകർന്നേക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്‌കൈമെറ്റ് വിലയിരുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com