'കോന്നിയില്‍ വിജയിപ്പിച്ചത് ശബരിമല അയ്യപ്പന്‍'; കള്ളപ്രചാരകരെ ഇത് മുന്നറിയിപ്പെന്ന് കടകംപള്ളി സുരേന്ദ്രന്‍

'ഭക്തര്‍ക്ക് ഒപ്പമാണ് കേരളത്തിലെ സര്‍ക്കാര്‍. അല്ലാതെ അമ്പലം വിഴുങ്ങികള്‍ക്ക് ഒപ്പമല്ല
'കോന്നിയില്‍ വിജയിപ്പിച്ചത് ശബരിമല അയ്യപ്പന്‍'; കള്ളപ്രചാരകരെ ഇത് മുന്നറിയിപ്പെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കോന്നി ഉപതെരഞ്ഞടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി കെയു ജനീഷ് കുമാറിനെ വിജയിപ്പിച്ചത് ശബരിമല അയ്യപ്പനാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കള്ളപ്രചാരവേല നടത്തരുതെന്ന് മറ്റ് പാര്‍ട്ടികള്‍ക്ക് അയ്യപ്പന്‍ തരുന്ന മുന്നറിയിപ്പാണെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുകയെന്നത് സര്‍ക്കാരിന്റെ അജണ്ടയല്ലെന്നും തീര്‍ത്ഥാടനകാലത്ത് ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു
'ഭക്തര്‍ക്ക് ഒപ്പമാണ് കേരളത്തിലെ സര്‍ക്കാര്‍. അല്ലാതെ അമ്പലം വിഴുങ്ങികള്‍ക്ക് ഒപ്പമല്ല. ദേവസ്വം ബോര്‍ഡുകള്‍ക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കിയ സര്‍ക്കാരാണ് പിണറായിയുടേത്,' എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അമ്പലപ്പുഴ പാല്‍പ്പായസത്തിന് ഗോപാല കഷായം എന്ന് കൂടി പേര് നല്‍കിയത് എകെ ഗോപാലന്റെ ഓര്‍മ്മ നിലനിര്‍ത്താനാണെന്ന കോണ്‍ഗ്രസ് വിമര്‍ശനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാര്‍ തള്ളി. എകെ ഗോപാലന്റെ പേര് ഓര്‍മ്മിപ്പിക്കാന്‍ അമ്പലപ്പുഴ പാല്‍പായത്തിന്റെ പേര് മാറ്റേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

'പ്രയാര്‍ ഗോപാലകൃഷ്ണന്റെ പേര് ഓര്‍ക്കാനാണ് മാറ്റിയതെന്ന് എന്തുകൊണ്ട് ആക്ഷേപം ഉന്നയിക്കുന്ന കോണ്‍ഗ്രസുകാര്‍ പറഞ്ഞില്ല? ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാരിന് പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ പലതും ഞാന്‍ നെഞ്ചേറ്റി വാങ്ങിയിട്ടുണ്ട്. അത് എന്റെ കര്‍ത്തവ്യമാണ്. ശബരിമലയില്‍ ഒരു രക്തചൊരിച്ചില്‍ പോലും ഉണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു,' പദ്മകുമാര്‍ വിശദീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com