നാട്ടുകാര്‍ക്കായി ജീവന്‍ ത്യജിച്ച് 'ബ്ലാക്കി' ; ഒടുവില്‍ പുലി കുടുങ്ങി ; നൊമ്പരത്തോടെ ഗ്രാമീണര്‍

നാട്ടില്‍ നിന്നു പിടികൂടിയ ഒരു നായയെയാണ് കൂട് സ്ഥാപിച്ചപ്പോള്‍ അതില്‍ കെട്ടിയിരുന്നത്
നാട്ടുകാര്‍ക്കായി ജീവന്‍ ത്യജിച്ച് 'ബ്ലാക്കി' ; ഒടുവില്‍ പുലി കുടുങ്ങി ; നൊമ്പരത്തോടെ ഗ്രാമീണര്‍

പാലക്കാട് : പാലക്കാട് മൈലാംപാടം നിവാസികളുടെ ഉറക്കംകെടുത്തിയ പുലികളില്‍ ഒരെണ്ണം വനംവകുപ്പിന്റെ കെണിയിലായി. മൈലാംപാടം ക്വാറിക്കു സമീപം ബേബി ഡാനിയേലിന്റെ വീട്ടുവളപ്പില്‍ കഴിഞ്ഞ വെള്ളിയാഴ്ച വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ പുള്ളിപ്പുലി കുടുങ്ങിയത്. നാടിനെ വിറപ്പിച്ച പുലി കുടുങ്ങിയപ്പോഴും, ബ്ലാക്കിയെ നഷ്ടപ്പെട്ടതാണ് നാട്ടുകാര്‍ക്ക് നൊമ്പരമായത്. 

മണ്ണാര്‍ക്കാട് ഡിഎഫ്ഒ ഓഫിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്, അരമണിക്കൂറിനകം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ കൂട് സഹിതം മിനിലോറിയില്‍ പുലിയെ ഡിഎഫ്ഒ ഓഫിസിലെത്തിച്ചു. രാത്രി വൈകി പുലിയെ പറമ്പിക്കുളം വനമേഖലയിലേക്കു കൊണ്ടുപോയി. നേരത്തെ മുക്കാലി സൈലന്റ്‌വാലി പ്രദേശത്ത് തുറന്നുവിടാന്‍ ആലോചന ഉണ്ടായിരുന്നെങ്കിലും പ്രതിഷേധം ഉയര്‍ന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. 

കുമരംപുത്തൂര്‍ പഞ്ചായത്ത് പരിധിയിലാണ് പുലി കുടുങ്ങിയത്. ഒരാഴ്ച മുന്‍പു രണ്ടു കിലോമീറ്റര്‍ അകലെ കോട്ടോപ്പാടം പഞ്ചായത്തു പരിധിയിലെ മേക്ലപ്പാടത്ത് ഒരു വീട്ടിലെ 6 ആടുകളെ പുലി കൊന്നിരുന്നു. ഇതേത്തുടര്‍ന്ന് അവിടെ 5 ദിവസത്തോളം കൂട് സ്ഥാപിച്ചെങ്കിലും പുലിയെ കുടുക്കാനായില്ല. പിന്നീട് നാട്ടുകാര്‍ ഇടപെട്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച കൂട് മൈലാംപാടത്തേക്കു മാറ്റിയത്.

അതേസമയം നാടിനെ വിറപ്പിച്ച പുലി കൂട്ടിലായതിന്റെ ആശ്വാസത്തിലും മൈലാംപാടം സ്വദേശികള്‍ ദുഃഖിതരായിരുന്നു. പുലിയെ ആകര്‍ഷിക്കാന്‍ കൂട്ടില്‍ കെട്ടിയിരുന്ന 'ബ്ലാക്കി'യുടെ വിയോഗമാണ് നാടിനു തീരാ വേദനയായത്. മൈലാംപാടം സ്വദേശി കരീം മണ്ണുമ്മല്‍ ആറു മാസം മുന്‍പ് കോഴിക്കോട്ടു നിന്നു കൊണ്ടുവന്ന ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയാണു പുലിക്ക് ഇരയായത്. 

നാട്ടില്‍ നിന്നു പിടികൂടിയ ഒരു നായയെയാണ് കൂട് സ്ഥാപിച്ചപ്പോള്‍ അതില്‍ കെട്ടിയിരുന്നത്. എന്നാല്‍ പുലി കുടുങ്ങാതിരുന്നതോടെ പുലിയെ ആകര്‍ഷിക്കാന്‍ പാകത്തിലുള്ള മറ്റൊരു നായയ്ക്കു വേണ്ടി അന്വേഷണമായി. തുടര്‍ന്ന് കൂട് സ്ഥാപിച്ചിരുന്ന സ്ഥലത്തിന്റെ ഉടമ ബേബി ഡാനിയേലിന്റെ വീട്ടിലെ ജര്‍മന്‍ ഷെപ്പേഡിനെ നാലു ദിവസത്തോളം കൂട്ടില്‍ കെട്ടി. പിന്നീടാണു ബ്ലാക്കിയെ കെട്ടാന്‍ തീരുമാനിച്ചത്. 

നായയ്ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നു വനംവകുപ്പ് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നതായും ഇന്നലെ രാവിലെ നായയ്ക്കുള്ള പാലുമായി എത്തിയപ്പോഴാണു പുലി കൂട്ടില്‍ കുടുങ്ങിയതായും നായ ചത്തുകിടക്കുന്നതായും കണ്ടതെന്നും കരീം പറയുന്നു. ആറായിരം രൂപ മുടക്കി വാങ്ങിയ നായയ്ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നാണ് കരീമിന്റെ ആവശ്യം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com