കോവളം കവികളുടെ പിന്മുറക്കാരി ഗോമതി അമ്മ അന്തരിച്ചു

കേരള ഫോക് ലോര്‍ അക്കാദമിയുടെ പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്
കോവളം കവികളുടെ പിന്മുറക്കാരി ഗോമതി അമ്മ അന്തരിച്ചു

തിരുവനന്തപുരം: കോവളം കവികളുടെ പിന്മുറക്കാരി കോവളം ആവാടുതറ തെക്കേവീട്ടില്‍ ഗോമതി അമ്മ അന്തരിച്ചു. 87 വയസ്സായിരുന്നു. കോവളം കവികളായ അയ്യിപ്പിള്ള ആശാന്റെ രാമകഥാ പാട്ടും അയ്യിനി പിള്ള ആശാന്റെ ഭാരതം പാട്ടും ആലപിക്കുന്നതിലൂടെ പ്രശസ്തയായിരുന്നു ഗോമതി അമ്മ . കേരള ഫോക് ലോര്‍ അക്കാദമിയുടെ പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

എഴുത്തച്ഛന് ഒന്നര നൂറ്റാണ്ടുമുമ്പ് രാമായണകാവ്യമെഴുതിയവരാണ് കോവളം കവികളെന്ന പേരില്‍ പ്രശസ്തരായ അയ്യിപ്പിള്ള ആശാനും അയ്യിനിപ്പിള്ള ആശാനും. ജ്യേഷ്ഠകവി അയ്യിപ്പിള്ള ആശാന്‍ രചിച്ചതാണ് രാമകഥപ്പാട്ട്. സഹോദരനായ അയ്യിനിപ്പിള്ള ആശാന്റേതാണ് വ്യാസമഹാഭാരതം ഇതിവൃത്തമാക്കി രചിച്ച ഭാരതം പാട്ട്. എ.ഡി. 14ാം നൂറ്റാണ്ടിലാണ് രാമകഥപ്പാട്ടിന്റെയും ഭാരതം പാട്ടിന്റെയും രചനാകാലം.

കോവളം കവികള്‍ തങ്ങളുടെ കാവ്യരചന നടത്തിയത് ആവാടുതുറയില്‍വെച്ചാണ്. ഭാഷയിലെ മഹാകാവ്യങ്ങള്‍ രചിക്കപ്പെട്ട ഈ സ്ഥലം സംരക്ഷിത സ്മാരകമായി പുരാവസ്തുവകുപ്പ് സംരക്ഷിച്ചുപോരുന്നു. കോവളം കവികളുടെ പിന്മുറക്കാരിയായ ആവാടുതുറ തെക്കേവീട്ടില്‍ ഗോമതിയമ്മയായിരുന്നു സ്മാരകവും ഉത്കൃഷ്ടമായ കാവ്യങ്ങളും ഇപ്പോള്‍ കാത്തുസൂക്ഷിച്ചിരുന്നത്.

ഗോമതി അമ്മയുടെ സംസ്‌കാരം ബുധനാഴ്ച വൈകീട്ട് നാലിന് കുടുംബ വീടായ കോവളത്തെ തെക്കേവീട്ടില്‍ നടക്കും. മാതൃഭൂമി സബ് എഡിറ്റര്‍ കോവളം രാധാകൃഷ്ണന്‍ മകനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com