വൃദ്ധയുടെ കണ്ണില്‍ മുളകുപൊടിയിട്ട് സ്വര്‍ണം കവര്‍ന്ന ഹെല്‍മറ്റുധാരിയെ പൊലീസ് പൊക്കി ; പ്രതിയെ കണ്ട് വൃദ്ധദമ്പതികള്‍ ഞെട്ടി

കോതമംഗലം പിണ്ടിമന സ്വദേശി കരിപ്പക്കാട്ടില്‍ ഗോഡ്ഫില്‍ (23 ) ആണ് പൊലീസിന്‍രെ പിടിയിലായത്
വൃദ്ധയുടെ കണ്ണില്‍ മുളകുപൊടിയിട്ട് സ്വര്‍ണം കവര്‍ന്ന ഹെല്‍മറ്റുധാരിയെ പൊലീസ് പൊക്കി ; പ്രതിയെ കണ്ട് വൃദ്ധദമ്പതികള്‍ ഞെട്ടി

തൃശൂര്‍ : ആളൂര്‍ കുണ്ടൂപ്പാടത്ത് വൃദ്ധദമ്പതികളെ മുളകുപൊടി എറിഞ്ഞ് ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. കോതമംഗലം പിണ്ടിമന സ്വദേശി കരിപ്പക്കാട്ടില്‍ ഗോഡ്ഫില്‍ (23 ) ആണ് പൊലീസിന്‍രെ പിടിയിലായത്.

ഇരിങ്ങാലക്കുട സ്വദേശിയും റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനുമായ പ്ലാശ്ശേരി ചുക്കരിയാന്‍ ജോസഫും ഭാര്യ മറിയാമ്മയുമാണ് ആക്രമിക്കപ്പെട്ടത്. ഒക്ടോബര്‍ രണ്ടിന് സന്ധ്യയ്ക്ക് അടുക്കള ഭാഗത്തുകൂടി ബെല്‍മറ്റ് ധരിച്ച് അകത്തുകടന്നയാള്‍ രണ്ടുപേരുടെയും കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വീഴ്ത്തുകയായിരുന്നു.

തുടര്‍ന്ന് മറിയാമ്മയുടെ കൈയിലെ മൂന്ന് സ്വര്‍ണവളകള്‍ ഊരിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. കേസില്‍ പൊലീസ് പിടിയിലായ ഗോഡ്ഫില്‍, ജോസഫ്-മറിയാമ്മ ദമ്പതികളുടെ കൊച്ചുമകനാണ്. ജോസഫിന്റെയും മറിയാമ്മയുടെയും മകളുടെ മകനാണ് അറസ്റ്റിലായ ഗോഡ്ഫില്‍.

സമീപവാസികളിലൊരാള്‍ നല്‍കിയ സൂചനകളില്‍ നിന്ന്  ആളൂര്‍ റെയില്‍വേ മേല്‍പ്പാലം ജംക്ഷന്‍ മുതല്‍ കോതമംഗലം വരെയുള്ള സിസിടിവികളില്‍ യുവാവിന്റെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സംഘം ഗോഡ്ഫിലിലേക്ക് എത്തിയത്.

സിംഗപ്പൂരില്‍ എന്‍ജിനീയറിങ്ങില്‍  ഉപരിപഠനം നടത്തിയയാളാണ് ഗോഡ്ഫില്‍. പെരുമ്പാവൂരിലെ ജ്വല്ലറിയില്‍ വിറ്റ സ്വര്‍ണ വളകള്‍ പൊലീസ് കണ്ടെടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com