അനലൈസറില്‍ റീഡിങ് 0.001 ആയാല്‍പ്പോലും പിടിവീഴും ; മദ്യപിച്ച് ജോലിക്കെത്തിയാല്‍ ഉടന്‍ നടപടി, കര്‍ശന പരിശോധന

പരിശോധനകളില്‍ ഒരു റാംപ് ഡ്രൈവര്‍ ഇതിനോടകം പിടിക്കപ്പെട്ട് പുറത്തായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാനുറച്ച് വിമാനത്താവള അധികൃതര്‍. വിമാനത്താവളങ്ങളിലെ സുരക്ഷാസംവിധാനങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) വിമാനത്താവളങ്ങളിലും ബ്രീത്ത് അനലൈസര്‍ പരിശോധന നിര്‍ബന്ധമാക്കിയത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനകളില്‍ ഒരു റാംപ് ഡ്രൈവര്‍ ഇതിനോടകം പിടിക്കപ്പെട്ട് പുറത്തായി.

പൈലറ്റിനും കാബിന്‍ ജീവനക്കാര്‍ക്കും പുറമേ വിമാനത്താവളത്തിലെ വ്യോമഭാഗത്ത് ജോലി ചെയ്യുന്ന എല്ലാവര്‍ക്കും  ബ്രീത്ത് അനലൈസര്‍ പരിശോധന കര്‍ക്കശമാക്കിയാണ് ഡിജിസിഎ ഉത്തരവിട്ടിരിക്കുന്നത്. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം പരിശോധനകള്‍ ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തെമ്പാടുമായി ഏതാണ്ട് നൂറോളം പേര്‍ ഇതിനകം പരിശോധനകളില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. വ്യോമഗതാഗത നിയന്ത്രണം, വിമാന അറ്റകുറ്റപ്പണികള്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, എയ്‌റോബ്രിജ് ഓപ്പറേഷന്‍, ഇന്ധന, ഭക്ഷണ വിതരണം തുടങ്ങിയ വിഭാഗങ്ങളിലെ ജോലിക്കാരെല്ലാം പരിശോധനയ്ക്ക് വിധേയമാകണം.

കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ അങ്കമാലി എല്‍എഫ് ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ യൂണിറ്റിന്റെ സഹകരണത്തോടെയാണ് പരിശോധനകള്‍ നടത്തുന്നത്. അനലൈസറില്‍ റീഡിങ് 0.001 ആയാല്‍പ്പോലും പോസിറ്റീവ് ആയി കണക്കാക്കും. പരിശോധനയില്‍ ഒരാള്‍ പിടിക്കപ്പെട്ടാല്‍ 15-20 മിനിറ്റിനുള്ളില്‍ ഒരിക്കല്‍ക്കൂടി ഇയാളെ പരിശോധനയ്ക്ക് വിധേയമാക്കും.

മെഷീന്റെ പോരായ്മയാണോ എന്നു പരിശോധിക്കാന്‍ ഇതിനിടെ മുഖവും വായും കഴുകാന്‍ ഇയാള്‍ക്ക് അവസരം നല്‍കും. ഒരു സാക്ഷിയുടെ സാനിധ്യത്തിലായിരിക്കും രണ്ടാമത്തെ പരിശോധന നടത്തുന്നത്. രണ്ടാമത്തെ പരിശോധനാ റിപ്പോര്‍ട്ടും പോസ്റ്റീവ് ആയാല്‍ നടപടിയുണ്ടാകും. ലൈസന്‍സ് ആവശ്യമുള്ള ജീവനക്കാരനാണെങ്കില്‍ മൂന്നു മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.  രണ്ടാം പ്രാവശ്യവും പിടിക്കപ്പെട്ടാല്‍ ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. മൂന്നാം പ്രാവശ്യം പിടിക്കപ്പെട്ടാല്‍ മൂന്നു വര്‍ഷത്തേക്കും നാലാംപ്രാവശ്യം പിടിക്കപ്പെട്ടാല്‍ എന്നെന്നേക്കുമായും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ലൈസന്‍സ് ആവശ്യമില്ലാത്ത ജോലികള്‍ക്ക് നടപടികള്‍ സ്വീകരിക്കേണ്ടത് അതതു കമ്പനികളാണ്. അതിനും ഡിജിസിഎ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com