ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ഉടൻ? സർക്കാർ ഗവർണറോട്‌  അനുമതി തേടി

മുൻകൂർ പണം നൽകിയതിൽ ഇബ്രാഹിം കുഞ്ഞിന്‌ വ്യക്തമായ പങ്കും ഗൂഢോദ്ദേശ്യവും ഉണ്ടായിരുന്നു. ഇതിന്‌ മതിയായ തെളിവുണ്ടെന്ന്‌ സർക്കാർ ഗവർണറെ അറിയിച്ചു
ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ഉടൻ? സർക്കാർ ഗവർണറോട്‌  അനുമതി തേടി

തിരുവനന്തപുരം: പാലാരിവട്ടം  മേൽപ്പാലം നിർമാണ അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക്‌ അന്വേഷിക്കുന്നതിന്‌ സർക്കാർ ഗവർണറോട്‌  അനുമതി തേടി. പൊതുപ്രവർത്തക  അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ്‌ പ്രകാരമാണിത്‌. വിജിലൻസ്‌ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌  ഫയൽ ഗവർണർക്ക്‌ സമർപ്പിച്ചത്‌. ദിവസങ്ങൾക്കുള്ളിൽ ഗവർണറുടെ അനുമതി ലഭിക്കുമെന്ന്‌ ആഭ്യന്തരവകുപ്പ്‌ കരുതുന്നു.

പാലം നിർമാണത്തിന്‌ കരാർ നൽകിയപ്പോൾ ഇബ്രാഹിം കുഞ്ഞ്‌ മന്ത്രിയായിരുന്നു. അതിനാൽ ചോദ്യം ചെയ്യൽ, പ്രതി ചേർക്കൽ തുടങ്ങിയവയ്‌ക്ക്‌ ഗവർണറുടെ അനുമതി വേണമെന്നാണ്‌ നിയമം.

മേൽപ്പാലം പണി കരാറെടുത്ത കമ്പനിക്ക്‌ മുൻകൂർ പണം നൽകിയതിൽ ഇബ്രാഹിം കുഞ്ഞിന്‌ വ്യക്തമായ പങ്കും ഗൂഢോദ്ദേശ്യവും ഉണ്ടായിരുന്നു. ഇതിന്‌ മതിയായ തെളിവുണ്ടെന്ന്‌ സർക്കാർ ഗവർണറെ അറിയിച്ചു. മുൻ മന്ത്രിയുടെ വഴിവിട്ട താത്പര്യത്തെക്കുറിച്ച്  മുൻ പൊതുമരാമത്ത്‌ സെക്രട്ടറിയും കേസിൽ പ്രതിയുമായ ടി ഒ സൂരജ്‌ നൽകിയ മൊഴിയുടെ പകർപ്പും ഇതോടൊപ്പമുണ്ട്‌.

വിജിലൻസ്‌ അന്വേഷണ പുരോഗതിയും പ്രതികളുടെ വരവിൽക്കവിഞ്ഞ സ്വത്തിനെ ക്കുറിച്ച്‌ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടും ഗവർണർക്ക്‌ നൽകി.  കമ്പനിക്ക്‌ 8.25 കോടി രൂപ മുൻകൂർ നൽകിയതിൽ ഇബ്രാഹിം കുഞ്ഞിന്‌ പങ്കുണ്ടെന്ന്‌ സെപ്‌തംബർ 30നാണ്‌ വിജിലൻസ്‌ ഹൈക്കോടതിയിൽ റിപ്പോർട്ട്‌ നൽകിയത്‌. ഇതേ തുടർന്ന്‌ നടത്തിയ അന്വേഷണത്തിൽ സുപ്രധാനമായ വിവരങ്ങളാണ്‌ വിജിലൻസിന്‌ കിട്ടിയത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com