'ഞാൻ പണ്ടൊരു മോഷണം നടത്തി'; വെളുപ്പിന് മൂന്നുമണിക്ക് ഏത്തവാഴക്കുല മോഷ്ടിച്ചിട്ടുണ്ടെന്ന് മന്ത്രി സുധാകരൻ, വെളിപ്പെടുത്തൽ  

വല്യമ്മാവന്റെ വീട്ടിൽ നിന്ന് വെളുപ്പിന് കുലവെട്ടിയതും തെളിവ് നശിപ്പിച്ചതുമൊക്കെ മന്ത്രി വിശദീകരിച്ചു
'ഞാൻ പണ്ടൊരു മോഷണം നടത്തി'; വെളുപ്പിന് മൂന്നുമണിക്ക് ഏത്തവാഴക്കുല മോഷ്ടിച്ചിട്ടുണ്ടെന്ന് മന്ത്രി സുധാകരൻ, വെളിപ്പെടുത്തൽ  

ആലപ്പുഴ: സ്വന്തം വല്യമ്മാവന്റെ പുരയിടത്തിൽനിന്ന് ഏത്തവാഴക്കുല മോഷ്ടിച്ചിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരൻ. ആലപ്പുഴ ജില്ലാ ജയിലിൽ ജയിൽ ക്ഷേമദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോളാണ് നന്നേ ചെറുപ്പത്തിൽ നടത്തിയ മോഷണം മന്ത്രി വെളിപ്പെടുത്തിയത്.

പട്ടാളത്തിൽ നിന്ന് വന്ന വല്യമ്മാവന്റെ വീട്ടിൽ നിന്ന് വെളുപ്പിന് കുലവെട്ടിയതും തെളിവ് നശിപ്പിച്ചതുമൊക്കെ മന്ത്രി വിശദീകരിച്ചു. "വെളുപ്പിന് മൂന്നുമണിക്കാണ് കുലവെട്ടിയത്. അത് വീട്ടിൽ കൊണ്ടുപോയിവെച്ചു. തണ്ടും മറ്റുമൊക്ക കുഴിച്ചുമൂടി. കുല ഒരാഴ്ചയോളം പുഴുങ്ങിയും പഴുപ്പിച്ചുമൊക്കെ സുഖമായി കഴിച്ചു. അന്ന് സിബിഐ അന്വേഷണമൊന്നുമുണ്ടായില്ല. ആരും പിടിച്ചുമില്ല", മന്ത്രി പറഞ്ഞു. 

അതേസമയം ഇന്ന് ഇത്തരം ചെറിയ കാര്യത്തിനുപോലും അറസ്റ്റ് ഉണ്ടാകുന്നുണ്ടെന്നും പാവപ്പെട്ടവരുടെ ചെറിയ കുറ്റകൃത്യങ്ങൾപോലും വളരെ പെട്ടെന്ന് പിടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. സ്വാധീനമുള്ളവരും പണക്കാരും എന്തു കുറ്റംചെയ്താലും ആരുമറിയില്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ഒരു കുറ്റം ചെയ്തുവെന്ന് വിചാരിച്ച് ജീവിതം മുഴുവൻ കുറ്റവാളിയാകുന്ന രീതി ഇന്ന് നമ്മുടെ നാട്ടിലില്ലെന്നും ജയിൽ നിയമങ്ങൾ അനുസരിക്കണമെന്നല്ലാതെ മറ്റെല്ലാ അവകാശങ്ങളുമുള്ളവരാണ് ജയിൽ അന്തേവാസികളെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com