ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് അധികൃതര്‍ : ഫാത്തിമയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഐഐടി വിദ്യാര്‍ഥികള്‍ നടത്തിയ നിരാഹാര സമരം പിന്‍വലിച്ചു

ഐഐടിയിലെ എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്ന് ഐഐടി ഡീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പു നല്‍കി
ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് അധികൃതര്‍ : ഫാത്തിമയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഐഐടി വിദ്യാര്‍ഥികള്‍ നടത്തിയ നിരാഹാര സമരം പിന്‍വലിച്ചു

ചെന്നൈ : മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഐഐടി വിദ്യാര്‍ഥികള്‍ നടത്തിയ നിരാഹാര സമരം പിന്‍വലിച്ചു. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കോളേജ് അധികൃതര്‍ അംഗീകരിച്ച പശ്ചാത്തലത്തിലാണ് സമരം പിന്‍വലിക്കുന്നത്. സമരം വിജയകരമായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ അവകാശപ്പെട്ടു. തങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകല്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിന് ഇറങ്ങുമെന്നും അവര്‍ വ്യക്തമാക്കി.

ഐഐടിയിലെ എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്ന് ഐഐടി ഡീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പു നല്‍കി. വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കും. ഫാത്തിമയുടെ മരണം അന്വേഷിക്കാന്‍ ആഭ്യന്തരസമിതി രൂപീകരിക്കുന്നത് പരിഗണിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ ഡല്‍ഹിയില്‍ പോയ ഐഐടി ഡയറക്ടര്‍ ചെന്നൈയില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ തീരുമാനം എടുക്കുമെന്നും ഡീന്‍ അറിയിച്ചതായി വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

എംഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലത്തീഫിന്റെ ദുരുഹമരണത്തില്‍ ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന ആവശ്യം ഉന്നയിച്ചാണ് ഐഐടി കവാടത്തിന് മുന്നില്‍ വിദ്യാര്‍ഥി കൂട്ടായ്മയായ ചിന്ത ബാര്‍ന്റെ നേതൃത്വത്തില്‍ നിരാഹാര സമരം നടത്തി വന്നിരുന്നത്. വിദ്യാര്‍ത്ഥികളുടെ സമരത്തിന് തമിഴ്‌നാട്ടില്‍ പിന്തുണയും ഏറിയിരുന്നു. സമരം നടത്തുന്നവര്‍ക്ക് പിന്തുണയുമായി കോളേജ് വിദ്യാര്‍ത്ഥികള്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രസ്താവിച്ചിരുന്നു.

അതിനിടെ ഫാത്തിമ  ലത്തീഫിന്റെ ആത്മഹത്യ കുറിപ്പില്‍ പേരു പരാമര്‍ശിക്കപെട്ട മൂന്ന് അധ്യാപകരെ ഐ.ജി. ഈശ്വരമൂര്‍ത്തിയുടെ  നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മതപരമായ വിവേചനം കാണിച്ചുവെന്ന് ആരോപണം നേരിടുന്ന സുന്ദര്‍ശന്‍ പത്മനാഭന്‍, സഹ അധ്യാപകരായ മിലിന്ദ്, ഹേമചന്ദ്രന്‍ എന്നിവരെയാണ് അന്വേഷന്ന സംഘം ഐ. ഐ.ടി ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. ഇവരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com