'ഗ്രൂപ്പുകളി നേരിടാന്‍ മുല്ലപ്പള്ളി പോര, കെപിസിസി പ്രസിഡന്റ് ആവാന്‍ തയ്യാര്‍' ; സന്നദ്ധത അറിയിച്ച് മുരളീധരന്‍ സോണിയയെ കണ്ടു; റിപ്പോര്‍ട്ട് 

കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് കെ മുരളീധരന്‍ എംപി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്
കെ മുരളീധരന്‍ ശശി തരൂരിനൊപ്പം (ഫയല്‍)
കെ മുരളീധരന്‍ ശശി തരൂരിനൊപ്പം (ഫയല്‍)

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് കെ മുരളീധരന്‍ എംപി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ ഗ്രൂപ്പു പോരിനെ നേരിടുന്നതില്‍ നിലവിലെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരാജയപ്പെട്ടതായും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ മുരളീധരന്‍ അറിയിച്ചതായി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുല്ലപ്പള്ളി രാമചന്ദ്രനു കീഴില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിനായെങ്കിലും ഗ്രൂപ്പു പോരു നേരിടുന്നതില്‍ കെപിസിസി പ്രസിഡന്റ് പരാജയമാണെന്നാണ് മുരളീധരന്‍ ചൂണ്ടിക്കാട്ടിയത്. കെപിസിസി പുനസ്സംഘടനയ്ക്കായി തയാറാക്കിയ ജംബോ പട്ടിക ഇതിന്റെ തെളിവാണ്. ഗ്രൂപ്പു സമവാക്യങ്ങള്‍ പാലിക്കാനായാണ് ഇത്ര വലിയ പട്ടിക തയാറാക്കിയത്. അതില്‍ തന്നെ പ്രായമേറിയ നേതാക്കളാണ് കൂടുതലായി ഇടം പിടിച്ചതെന്നും മുരളീധരന്‍ കൂടിക്കാഴ്ചയില്‍ ധരിപ്പിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പിന്നീടു നടന്ന ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു തിരിച്ചടിയാണുണ്ടായത്. ആറിടത്തു നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിലും പാര്‍ട്ടി പരാജയപ്പെട്ടു. പാര്‍ട്ടിയുടെ ദൗര്‍ബല്യമാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഇത് കെപിസിസി പ്രസിഡന്റിന്റെ നേതൃത്വ പോരായ്മ തന്നെയാണെന്നാണ് മുരളീധരന്‍ പറയുന്നത്.

അതേസമയം മുരളി കെപിസിസി പ്രസിഡന്റ് ആവുന്നതില്‍  മറ്റു നേതാക്കള്‍ക്ക് താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുരളീധരന്റെ അവകാശവാദത്തെ ഇവര്‍ എതിര്‍ക്കാനിടയുണ്ടെന്നും സൂചനകളുണ്ട്. മുമ്പ് മുരളീധരന്‍ നടത്തിയ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ എതിര്‍പ്പിനു മുഖ്യ കാരണമായി ചൂണ്ടിക്കാട്ടുന്നത്. സോണിയ ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ച നേതാവാണ് മുരളീധരനെന്ന് ഇവര്‍ പറയുന്നു.

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് മുരളീധരന്‍ ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ ആരാഞ്ഞിട്ടുണ്ടെന്നാണ് സൂചനകള്‍. എന്നാല്‍ ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നും ഉന്നത പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com