ഐഎഎസ് നേടാന്‍ വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ്: തലശേരി സബ്കളക്ടര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്

ക്രീമിലിയര്‍ ഇതരവിഭാഗത്തിലെ ആനുകൂല്യം ലഭിക്കാന്‍ ആദായ നികുതി അടയ്ക്കുന്ന വിവരം ആസിഫ് മറച്ചുവെച്ചുവെന്ന് കളക്ടര്‍ എസ് സുഹാസ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐഎഎസ് നേടാന്‍ വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ്: തലശേരി സബ്കളക്ടര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഐഎഎസ് നേടാനായി തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫ് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന ആരോപണം ശരിവച്ച് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ആസിഫ് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണ് ഐഎഎസ് നേടിയതെന്ന പരാതിയിന്‍മേലുള്ള റിപ്പോര്‍ട്ടാണ് കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. 

ക്രീമിലിയര്‍ ഇതരവിഭാഗത്തിലെ ആനുകൂല്യം ലഭിക്കാന്‍ ആദായ നികുതി അടയ്ക്കുന്ന വിവരം ആസിഫ് മറച്ചുവെച്ചുവെന്ന് കളക്ടര്‍ എസ് സുഹാസ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണം നടത്തിയത്. 

2016 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ആസിഫ് കെ യൂസഫ്. ക്രീമിലയര്‍ പരിധിയില്‍പ്പെടാത്ത  ഉദ്യോഗാര്‍ത്ഥിയെന്ന നിലയിലാണ് ആസിഫിന് കേരള കേഡറില്‍ തന്നെ ഐഎഎസ് ലഭിച്ചത്. ഉദ്യോഗാര്‍ത്ഥിയുടെ കുടുബത്തിന്റെ വാര്‍ഷിക വരുമാനം 6 ലക്ഷത്തിന് താഴെ വന്നാല്‍ മാത്രമാണ് ക്രീമിലിയര്‍ ഇതരവിഭാഗത്തിന്റെ  ആനുകൂല്യം യുപിഎസി നല്‍കുന്നത്. 

അതേസമയം, 2015ല്‍ പരീക്ഷയെഴുതുമ്പോള്‍ കുടുംബത്തിന്റെ വരുമാനം 6 ലക്ഷത്തിന് താഴെയായിരുന്നു എന്ന് ആസിഫ് യുപിഎസിക്ക് നല്‍കിയ ക്രീമിലിയര്‍ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. കുടുംബത്തിന് വരുമാനം 1.8 ലക്ഷമാണെന്ന കമയന്നൂര്‍ തഹസില്‍ദാറിന്റെ സര്‍ട്ടിഫിക്കറ്റും ആസിഫ് ഹാജരാക്കിയിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് ആസിഫിന് കേരളത്തില്‍ തന്നെ ഐഎഎസ് ലഭിച്ചത്.  

എന്നാല്‍ ആസിഫ് പരീക്ഷയെഴുതുമ്പോള്‍ കുടുബത്തിന്റെ വരുമാനം 28 ലക്ഷമെന്നാണ് എറണാകുളം കളക്ടറുടെ റിപ്പോര്‍ട്ട്. 2015ല്‍ കണയന്നൂര്‍ തഹസില്‍ദാര്‍ നല്‍കിയ വരുമാന സര്‍ഫിക്കറ്റ് തെറ്റാണെന്നും കളക്ടര്‍ പറയുന്നു.  അതായത് ക്രീമിലയര്‍ ഇതര വിഭാഗത്തിന്റെ ആനുകൂല്യത്തിന് ആസിഫ് കെ യൂസഫ് അര്‍ഹനല്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രപേഴ്‌സണല്‍ മന്ത്രാലയത്തിന് കൈമാറും. സിവില്‍ സര്‍വ്വീസ് നേടാന്‍ വ്യാജരേഖകളാണ് ഹാജരാക്കിയതെന്ന് കേന്ദ്രസര്‍ക്കാരിനും ബോധ്യപ്പെട്ടാല്‍  ആസിഫനെതിരെ നടപടിയുണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com