ഫാത്തിമയുടെ മരണം; ഐഐടി ഡയറക്ടറെ കേന്ദ്രം വിളിപ്പിച്ചു, സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ഥി കൂട്ടായ്മയായ ചിന്താബാര്‍ അംഗങ്ങളായ കാഞ്ഞിരപ്പള്ളി സ്വദേശി ജസ്റ്റിന്‍ ജോസഫ്, തൃശൂര്‍ സ്വദേശി അസ്ഹര്‍ മൊയ്തീന്‍ എന്നിവരാണ് കവാടത്തിനു മുന്നില്‍ നിരാഹാര സമരം നടത്തിയത്.
ഫാത്തിമയുടെ മരണം; ഐഐടി ഡയറക്ടറെ കേന്ദ്രം വിളിപ്പിച്ചു, സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

ചെന്നൈ: ചെന്നൈ ഐ ഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മദ്രാസ് ഐഐടി ഡയറക്ടറെ വിളിച്ചുവരുത്താന്‍ മാനവ ശേഷി മന്ത്രാലയം. ഡയറക്ടര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തിയോട് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. 

ആഭ്യന്തര അന്വേഷണം വേണമെന്ന ആവശ്യം ചര്‍ച്ച ചെയ്യാമെന്ന ഉറപ്പിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ഥികള്‍ ഐഐടി കവാടത്തില്‍ തിങ്കളാഴ്ച ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം പിന്‍വലിക്കുകയും ചെയ്തു. ഡയറക്ടര്‍ ചെന്നൈയില്‍ തിരികെ എത്തിയാലുടന്‍ ചര്‍ച്ചയാവാമെന്ന് ഡീന്‍  അറിയിച്ചതിനെ തുടര്‍ന്നാണിത്. 

ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം, വിദ്യാര്‍ഥി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പുറത്തു നിന്നുള്ള വിദഗ്ധ സമിതിയെ നിയോഗിക്കുക, എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെല്‍  രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് അധികൃതര്‍  ഉറപ്പു നല്‍കിയതായി അനിശ്ചിതകാല നിരാഹാര സമരത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഐഐടിയിലെ ആത്മഹത്യകള്‍ക്കെതിരെ വിദ്യാര്‍ഥി കൂട്ടായ്മയായ ചിന്താബാര്‍ അംഗങ്ങളായ കാഞ്ഞിരപ്പള്ളി സ്വദേശി ജസ്റ്റിന്‍ ജോസഫ്, തൃശൂര്‍ സ്വദേശി അസ്ഹര്‍ മൊയ്തീന്‍ എന്നിവരാണ് കവാടത്തിനു മുന്നില്‍ നിരാഹാര സമരം നടത്തിയത്. സംഭവത്തില്‍ സിബിഐ അന്വേഷണം തേടി എന്‍എസ്‌യുഐ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും.

ആരോപണ വിധേയരായ മൂന്ന് അധ്യാപകരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഇന്നലെയും  ക്യാംപസ് ഗെസ്റ്റ്ഹൗസില്‍ ചോദ്യം ചെയ്തിരുന്നു. സെമസ്റ്റര്‍ അവധിയാണെങ്കിലും നാട്ടില്‍ പോയി ഫാത്തിമയുടെ സഹപാഠികളില്‍ നിന്ന് മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. കൊല്ലം കിളികൊല്ലൂരിലെ വീട്ടിലെത്തി ഫാത്തിമയുടെ ഇരട്ട സഹോദരിയുടെ മൊഴിയെടുക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com