വീട്ടിൽ എസിയും കാറുമുണ്ടോ; എങ്കിൽ സാമൂഹിക സുരക്ഷാ പെൻഷൻ കിട്ടില്ല

വീട്ടിൽ എസിയും 1000 സിസിയിൽ കൂടുതൽ ശേഷിയുള്ള കാറുമുള്ളവർക്ക് ഇനി മുതൽ സാമൂഹിക സുരക്ഷാ പെൻഷന് അർഹതയില്ല
വീട്ടിൽ എസിയും കാറുമുണ്ടോ; എങ്കിൽ സാമൂഹിക സുരക്ഷാ പെൻഷൻ കിട്ടില്ല

തിരുവനന്തപുരം: വീട്ടിൽ എസിയും 1000 സിസിയിൽ കൂടുതൽ ശേഷിയുള്ള കാറുമുള്ളവർക്ക് ഇനി മുതൽ സാമൂഹിക സുരക്ഷാ പെൻഷന് അർഹതയില്ല. മികച്ച ഭൗതിക സൗകര്യങ്ങളുള്ളവരെ പെൻഷൻ അർഹതാ പട്ടികയിൽ നിന്നു നീക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ എങ്ങനെയാണു ഭൗതിക സാഹചര്യം അളക്കേണ്ടതെന്നു നിർദേശിച്ചിരുന്നില്ല.

ഇന്നലെ ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച് 2000 ചതുരശ്രയടിയിൽ കൂടുതൽ വിസ്തീർണമുള്ളതും ആധുനിക രീതിയിൽ ഫ്ലോറിങ് നടത്തിയിട്ടുള്ളതും കോൺക്രീറ്റ് ചെയ്തതുമായ കെട്ടിടങ്ങൾ ഉള്ളവർ ക്ഷേമ പെൻഷന് അർഹരല്ല. കുടുംബ വാർഷിക വരുമാനം കണക്കാക്കുമ്പോൾ വിവാഹിതരായ മക്കളുടെ വരുമാനം കണക്കിലെടുക്കേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു. അനർഹരെ ഒഴിവാക്കിയ ശേഷമാകും ഡിസംബറിൽ മൂന്ന് മാസത്തെ ക്ഷേമ പെൻഷൻ നൽകുകയെന്നാണു സൂചന. 

അനർഹർ ക്ഷേമ പെൻഷൻ വാങ്ങുന്നത് തടയാനുള്ള നടപടികളുടെ ഭാ​ഗമായാണ് അപേക്ഷകരുടെ ഭൗതിക സാഹചര്യം വിലയിരുത്താൻ പുതുക്കിയ മാർ​ഗ നിർദേശങ്ങൾ സർക്കാർ പുറത്തിറക്കിയത്. ജൂലൈയിൽ മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കിയെങ്കിലും അത് സർക്കാർ തടഞ്ഞിരുന്നു. 

വാഷിങ് മെഷീനുള്ളവർക്കും എൽഇഡി ടെലവിഷൻ ഉള്ളവർക്കും ക്ഷേമ പെൻഷന് അർഹതയില്ലെന്ന ആ സർക്കുലർ വിവാ​ദമായതിനെ തുടർന്നാണ് തടഞ്ഞത്. വാഷിങ് മെഷീനും എൽഇഡി ടെലിവിഷനും ഇനി ക്ഷേമ പെൻഷന് തടസമാകില്ല.

സംസ്ഥാനത്ത് 46.9 ലക്ഷം പേർക്കാണ് ഇപ്പോൾ സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നത്. ഏഴായിരം കോടി രൂപയാണ് സർക്കാർ വർഷം തോറും ക്ഷേമ പെൻഷൻ നൽകാൻ ചെലവിടുന്നത്. ഇതിൽ 15 ശതമാനത്തോളം അനർഹരുടെ കൈയിലെത്തുന്നതായാണ് കണ്ടെത്തൽ. മരിച്ചവരെയും ഒരേസമയം രണ്ട് പെൻഷൻ വാങ്ങുന്നവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കാനായി മസ്റ്ററിങ് ഇപ്പോൾ സംസ്ഥാനത്തു പുരോഗമിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com