കറുത്ത കട്ടിയുള്ള പെയിന്റടിച്ച് നിറം മാറ്റും ; പിത്തള സ്‌ക്രാപ്പിനൊപ്പം പ്രത്യേക അറകളിലേക്ക് ; 4500 കിലോ സ്വര്‍ണം കടത്തിയത് കണ്ടെയ്‌നറില്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

രാജ്യത്തെ സ്വര്‍ണക്കടത്തിന്റെ മുഖ്യ ഇടനിലക്കാരായ പെരുമ്പാവൂര്‍  സ്വദേശികള്‍ രണ്ട് വര്‍ഷത്തിനിടെ കടത്തിയത് 1473 കോടിയുടെ സ്വര്‍ണം
കറുത്ത കട്ടിയുള്ള പെയിന്റടിച്ച് നിറം മാറ്റും ; പിത്തള സ്‌ക്രാപ്പിനൊപ്പം പ്രത്യേക അറകളിലേക്ക് ; 4500 കിലോ സ്വര്‍ണം കടത്തിയത് കണ്ടെയ്‌നറില്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കൊച്ചി: രാജ്യത്തെ സ്വര്‍ണക്കടത്തിന്റെ മുഖ്യ ഇടനിലക്കാരായ പെരുമ്പാവൂര്‍  സ്വദേശികള്‍ രണ്ട് വര്‍ഷത്തിനിടെ കടത്തിയത് 1473 കോടിയുടെ സ്വര്‍ണം. പെരുമ്പാവൂര്‍ സ്വദേശികള്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. ഷാര്‍ജ വ്യവസായ മേഖലയില്‍ നിന്ന് കണ്ടെയ്‌നറിലാണ് സ്വര്‍ണം ഇന്ത്യയിലെത്തിച്ചതെന്നാണ് ഡിആര്‍ഐ റിപ്പോര്‍ട്ടിലുള്ളത്.

പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയാറും സംഘവുമാണ് അന്താരാഷ്ട്ര ബന്ധമുണ്ടെന്ന് സംശയിക്കുന്ന  സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.  പിത്തള സ്‌ക്രാപ്പ് എന്ന പേരിലാണ് സംഘം സ്വര്‍ണക്കടത്ത് നടത്തിയത്. 60 കോടി വിലമതിക്കുന്ന 185 കിലോ സ്വര്‍ണക്കട്ടകളുമായി നിസാറിനെയും സംഘത്തെയും മുംബൈ ഡിആര്‍ഐ സംഘം കഴിഞ്ഞ മാര്‍ച്ച് 29ന് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഡിആര്‍ഐ മുംബൈയിലും പെരുമ്പാവൂരിലുമായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

4500 കിലോഗ്രാം വരുന്ന സ്വര്‍ണം ഒരിക്കലും കണ്ടുപിടിക്കാന്‍ കഴിയാത്ത രീതിയിലാണ് തുറമുഖങ്ങള്‍ വഴി കടത്തിയത്. 2017 ഫെബ്രുവരി മുതല്‍ ഈ വര്‍ഷം മാര്‍ച്ചവരെയുള്ള രണ്ട് വര്‍ഷങ്ങളിലായാണ് ഇത്രയധികം സ്വര്‍ണം ഇന്ത്യയിലേക്കെത്തിയത്. ഷാര്‍ജ വ്യവസായ മേഖലയില്‍ നിസാറിന് ഗോഡൗണുണ്ട്.  പിത്തള സ്‌ക്രാപ്പെന്ന പേരിലാണ് ഇവിടെ നിന്ന് സ്വര്‍ണം കണ്ടെയ്‌നറില്‍ കയറ്റുന്നത്. തിരിച്ചറിയാതിരിക്കാന്‍ സ്വര്‍ണം പല രൂപങ്ങളിലേക്ക് മാറ്റി കറുത്ത കട്ടിയുള്ള പെയിന്റ് അടിക്കുന്നു. പിത്തള സ്‌ക്രാപ്പിനൊപ്പം പ്രത്യേക അറകളില്‍ പെയിന്റ് അടിച്ച് സ്വര്‍ണം സൂക്ഷിക്കുന്നു. ഇത് തുറമുഖങ്ങളിലെ എക്‌സ്‌റേ പരിശോധനയില്‍ പോലും തിരിച്ചറിയില്ലെന്ന് റിപ്പോർട്ടിൽ ഡിആർഐ വ്യക്തമാക്കുന്നു.

സ്വര്‍ണക്കടത്തിനായി ഗുജറാത്തിലെ ജാം നഗറിലുള്ള ബ്ലൂ സീ മെറ്റല്‍സ് എന്ന കമ്പനിയുടെ രേഖകളാണ് നിസാര്‍ അലിയാറും സംഘവും ഉപയോഗിച്ചത്. ജാം നഗറില്‍ ഇറക്കുന്ന സ്വര്‍ണം പെയിന്റ് കളഞ്ഞ് വൃത്തിയാക്കി ട്രെക്കുകളില്‍ കേരളം ഉള്‍പ്പെടെയുള്ള വിതരണ കേന്ദ്രത്തിലെത്തിക്കുകയാണ് പതിവ്. ഇങ്ങനെ കൊണ്ടുപോകുന്ന വഴിയില്‍ വച്ചാണ് ഡിആര്‍ഐ സംഘം 150 കിലോയോളം സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com