കേരള നിയമസഭയല്ല ഇന്ത്യന്‍ പാര്‍ലമെന്റ്; രമ്യ ഹരിദാസ് മാപ്പുപറയണമെന്ന് വി മുരളീധരന്‍

കേരള നിയമസഭയില്‍ എന്തു കയ്യാങ്കളി കാണിച്ചാലും ഊരിപ്പോരാമെന്ന പഴയ ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍  ആവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ കേരള നിയമസഭയല്ല ഇന്ത്യന്‍ പാര്‍ലമെന്റെന്ന് കോണ്‍ഗ്രസുകാര്‍ ഓര്‍ക്കണം
കേരള നിയമസഭയല്ല ഇന്ത്യന്‍ പാര്‍ലമെന്റ്; രമ്യ ഹരിദാസ് മാപ്പുപറയണമെന്ന് വി മുരളീധരന്‍

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ ജനാധിപത്യത്തിന്റെയും പാര്‍ലമെന്റ് ചട്ടങ്ങളുടെയും ലംഘനമാണ് നടത്തിയതെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ അവസാനിച്ച ശേഷവും ബഹളം തുടരുന്ന സാഹചര്യത്തിലാണ് രണ്ട് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്റ് ചെയ്യാനുള്ള തീരുമാനം ഉണ്ടായത്. എന്നിട്ടും മാറാത്ത സാഹചര്യത്തിലാണ് അവരെ മാറ്റുന്നതിനായി പുരുഷമാര്‍ഷല്‍മാര്‍ പാര്‍ലമെന്റിനകത്ത് കയറിയത്. ആ സമയത്ത് സോണിയ ഗാന്ധിയുടെ നിര്‍്‌ദേശമനുസരിച്ച് രണ്ട് വനിതാ എംപിമാര്‍ എത്തി മാര്‍ഷലുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുകയായിരുന്നു.അതിനെ കയ്യേറ്റ ശ്രമമായി ചിത്രീകരിക്കുന്നത് ആടിനെ പട്ടിയാക്കലാണെന്ന് മുരളീധരന്‍ പറഞ്ഞു.

വനിതാ അംഗത്തെ കയ്യേറ്റം ചെയ്‌തെന്ന രീതിയില്‍ കേരളത്തില്‍ നടക്കുന്നത്  വ്യാജപ്രചാരണമാണ്. സ്പീക്കറുടെ ഉത്തരവനുസരിച്ച് സഭയില്‍ പ്രവേശിച്ച മാര്‍ഷലുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയായിരുന്നു ഈ വനിതാ അംഗം. അതില്‍ മാപ്പുപറയുകയാണ് രമ്യഹരിദാസും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും ചെയ്യേണ്ടത്. ചട്ടങ്ങള്‍ അറിയാത്തതുകൊണ്ടും കേരള നിയമസഭയില്‍ എന്തു കയ്യാങ്കളി കാണിച്ചാലും ഊരിപ്പോരാമെന്ന പഴയ ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ അത് തന്നെ ആവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ കേരള നിയമസഭയല്ല ഇന്ത്യന്‍ പാര്‍ലമെന്റെന്ന് കോണ്‍ഗ്രസുകാര്‍ ഓര്‍മ്മിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. കയ്യേറ്റമുണ്ടായെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. പരുക്ക് പറ്റിയാല്‍ പോവേണ്ടത് ആശുപത്രിയിലാണ് അതുണ്ടായില്ലെന്നും സഹതാപം പിടിച്ചുപറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ എപ്പോഴും വിജയിക്കണമെന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു

ഈ രാജ്യത്തെ ജനാധിപത്യം തന്നെ തകര്‍ത്തവരാണ് കോണ്‍ഗ്രസ്. രാജ്യത്തെ എത്രയോ നിയമസഭകളില്‍ മഹാരാഷ്ട്രയിലേതിനെക്കാള്‍ ജനാധിപത്യവിരുദ്ധ നടപടിയുണ്ടായി. ജനപിന്തുണ തേടി അധികാരത്തിലെത്തിയ സഖ്യമാണ് മഹരാഷ്ട്രയിലെ ബിജെപി- ശിവസേന സഖ്യം. എന്നാല്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കാത്ത ഉദ്ദവിനെ മുഖ്യമന്ത്രിയാക്കാമെന്നുള്ള വാഗ്ദാനത്തിന്റെ പേരില്‍ ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കില്ലാത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി  ഇന്ത്യന്‍ പാര്‍ലമെന്റിനെ ബന്ദിയാക്കനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെങ്കില്‍ ഇത് പുതിയ ഇന്ത്യയാണ് എന്നാണ് പറയാനുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com