ക്രിമിനലുകള്‍ക്ക് പറുദീസ ഒരുക്കുന്നു; ടെലഗ്രാമിനെതിരെ നടപടിയെടുക്കാനാവില്ലെന്ന് പൊലീസ്

ടെലഗ്രാമിലൂടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരില്‍ ചിലരുടെ അജ്ഞതകൊണ്ടാണ് അവരെ പിന്തുടര്‍ന്ന് പിടികൂടാനായത്
ക്രിമിനലുകള്‍ക്ക് പറുദീസ ഒരുക്കുന്നു; ടെലഗ്രാമിനെതിരെ നടപടിയെടുക്കാനാവില്ലെന്ന് പൊലീസ്

കൊച്ചി: ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം ക്രിമിനലുകള്‍ക്ക് പറുദീസയൊരുക്കുന്നുവെന്ന് കേരളാ പൊലീസ്. ടെലഗ്രാമിലൂടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരില്‍ ചിലരുടെ അജ്ഞതകൊണ്ടാണ് അവരെ പിന്തുടര്‍ന്ന് പിടികൂടാനായത്. ആപ്പിനെതിരെ നടപടിയെടുക്കേണ്ടത് പൊലീസല്ലെന്നും അനുമതി നല്‍കിയ അധികൃതരാണന്നും പൊലീസ്  ഹൈക്കോടതിയെ അറിയിച്ചു.

ടെലഗ്രാം ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിനിയായ ബംഗളുരുവിലെ നിയമവിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് തേടിയിരുന്നു. ഇതിനുളള മറുപടിയിലാണ് ടെലഗ്രാം ആപ്പ് ക്രിമിനലുകള്‍ക്ക് പറുദീസയൊരുക്കുന്നുവെന്ന് പൊലീസ് മേധാവിക്കു വേണ്ടി സൈബര്‍ ഡോം ഓപ്പറേഷന്‍ ഓഫീസര്‍ മറുപടി നല്‍കിയത്.

വാട്‌സ് ആപ്പിലും മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രവേശിക്കാന്‍ വ്യക്തിവിവരങ്ങള്‍ നല്‍കണമെങ്കില്‍,ടെലഗ്രാമില്‍ വ്യക്തിവിവരങ്ങള്‍ നല്‍കേണ്ടന്നതാണ് പ്രത്യേകത. ഈ സൗകര്യമാണ് ക്രിമിനലുകള്‍ പ്രയോജനപ്പെടുത്തുന്നത്. ടെലഗ്രാം ആപ് ഉപയോഗിച്ച് ക്രിമിനല്‍പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ചിലരെയെങ്കിലും പിന്തുടര്‍ന്ന് പിടികൂടാനായത് ആപ്പ് ഉപയോഗിക്കുന്നതിലെ അവരുടെ അജ്ഞതമൂലമാണ്. എല്ലാവരെയും പിന്തുടരാനും കഴിഞ്ഞിട്ടില്ലന്ന് മറുപടിയില്‍ പറയുന്നു.

ആപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ആപ്പ് ഉടമകള്‍ നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയോ ചെയ്യേണ്ടത് കേരളാപൊലീസല്ല. അനുമതിനല്‍കിയ അധികൃതരാണ്. ആപ്പിന് പ്രാദേശികനിയമങ്ങള്‍ ബാധകമാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ സന്ദേശം കൈമാറാനും കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാനും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും ടെലഗ്രാം ആപ്പ് ഉപയോഗിക്കുന്നുവെന്ന് കാണിച്ചാണ് ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com