അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് അനുകൂലികളില്‍ നിമിഷ ഫാത്തിമയും; സ്ഥിരീകരിച്ച് അമ്മ ബിന്ദു

അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഐഎസ് അനുകൂലികളില്‍ തിരുവനന്തപുരത്ത് നിന്ന് കാണാതായ നിമിഷ ഫാത്തിമയും ഉള്‍പ്പെടുന്നുവെന്ന് സ്ഥിരീകരണം
അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് അനുകൂലികളില്‍ നിമിഷ ഫാത്തിമയും; സ്ഥിരീകരിച്ച് അമ്മ ബിന്ദു

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഐഎസ് അനുകൂലികളില്‍ തിരുവനന്തപുരത്ത് നിന്ന് കാണാതായ നിമിഷ ഫാത്തിമയും ഉള്‍പ്പെടുന്നുവെന്ന് സ്ഥിരീകരണം. കഴിഞ്ഞദിവസം എന്‍ഐഎ നല്‍കിയ ചില ഫോട്ടോകള്‍ നിമിഷ ഫാത്തിമയുടേതാണെന്ന് അമ്മ ബിന്ദു സ്ഥിരീകരിച്ചു.

ഫോട്ടോയില്‍ മകളെയും ചെറുമകളെയും മരുമകനെയും തിരിച്ചറിഞ്ഞതായി ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ഭര്‍ത്താവ് പാലക്കാട് സ്വദേശി ഇസയ്‌ക്കൊപ്പം 2017ലാണ് നിമിഷ ഫാത്തിമ നാടുവിട്ടത്. ഇവര്‍ ഐഎസില്‍ ചേരാന്‍ പോയതാണെന്ന്് അന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞദിവസം അഫ്ഗാനിസ്ഥാനില്‍ മലയാളികള്‍ ഉള്‍പ്പെടെ ഐഎസ് അനുകൂലികള്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇവരില്‍ തിരുവനന്തപുരം സ്വദേശിനിയായ നിമിഷ ഫാത്തിമയും ഉള്‍പ്പെടുന്നതായുളള സ്ഥിരീകരണമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

'കഴിഞ്ഞദിവസം ചില ഫോട്ടോകള്‍ എന്‍ഐഎ എനിക്ക് അയച്ചു തന്നിരുന്നു. ആ ഫോട്ടോകള്‍ നോക്കുമ്പോള്‍  മരുമകനെ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല. തുടര്‍ന്ന് മരുമകന്റെ അമ്മയ്ക്ക് ഫോട്ടോ അയച്ചുകൊടുത്ത് ഇത് ഉറപ്പാക്കാന്‍ ശ്രമിച്ചു. അവര്‍ നോക്കിയിട്ട് അത് ബെറ്റ്‌സണ്‍ ആണെന്ന് പറഞ്ഞു. ഫോട്ടോയില്‍ കൊച്ചുമകളെയും എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. ബുര്‍ഖയിട്ട ഒരു സ്ത്രീയുടെ മടിയിലാണ് കൊച്ചുമകള്‍ ഇരിക്കുന്നത്. തീര്‍ച്ചയായിട്ടും ബുര്‍ഖയിട്ട സ്ത്രീ എന്റെ മകളായിരിക്കുമെന്ന് സ്വയം വിശ്വസിക്കുന്നു. കൂടെയുളള സ്ത്രീകളും മുഖം മറച്ച നിലയിലായിരുന്നു. അതുകൊണ്ട് അവരെയൊന്നും തിരിച്ചറിയാന്‍ പറ്റിയില്ല.'- ബിന്ദു പറയുന്നു.

'2017ലാണ് നിമിഷ പോയതെങ്കിലും 2018 ജൂണ്‍ മുതല്‍ അവള്‍ എനിക്ക് തുടര്‍ച്ചയായി സന്ദേശങ്ങള്‍ അയക്കുമായിരുന്നു. ചിന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു സന്ദേശങ്ങള്‍ അയച്ചിരുന്നത്. തുടര്‍ന്ന് നവംബര്‍ വരെ എനിക്ക് മെസേജിങ് തുടര്‍ന്നു. കൊച്ചുമകളുടെ ഫോട്ടോയും വോയ്‌സ് മെസേജുകളും അയച്ചുതന്നിട്ടുണ്ട്. തുടര്‍ന്ന് 2018 നവംബര്‍ വരെ ഇത് തുടര്‍ന്നു. അതിനിടെയാണ് അബ്ദുള്‍ റാഷിദ് മരിച്ചു എന്ന വാര്‍ത്തയെല്ലാം അറിഞ്ഞത്.'

'മിനിഞ്ഞാനാണ് എന്‍ഐഎ ഫോട്ടോകള്‍ അയച്ചുതന്നത്. ഫോട്ടോകള്‍  തിരിച്ചറിഞ്ഞ കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു .അവര്‍ തിരിച്ചുവന്നാല്‍ അവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാകും. എന്‍ഐഎ നിയമനടപടികളുമായി മുന്നോട്ടുപോകും. എന്‍ഐഎയുടെ എല്ലാ നടപടികളുമായും സഹകരിക്കും.നിയമപരമായ നടപടികള്‍ അതിന്റെ വഴിക്ക് നടക്കട്ടെ. ആ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി അവരെ സുരക്ഷിതമായി തിരിച്ചുകിട്ടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'- ബിന്ദു പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com