ആധാര്‍- റേഷന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ നീട്ടി: ഈ മാസം 31 വരെ സമയമുണ്ട് 

അവസാന ദിവസമായിരുന്ന ഇന്നലെ (സെപ്റ്റംബര്‍ 30) റേഷന്‍ കടകള്‍, അക്ഷയകേന്ദ്രങ്ങള്‍, താലൂക്ക് സപ്ലൈ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ആധാര്‍ ബന്ധിപ്പിക്കാന്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
ആധാര്‍- റേഷന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ നീട്ടി: ഈ മാസം 31 വരെ സമയമുണ്ട് 

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാനുള്ള സമയം ഈ മാസം 31 (ഒക്ടോബര്‍ 31) വരെ നീട്ടി. സംസ്ഥാനത്ത് 35 ലക്ഷത്തോളം പേര്‍ ഇനിയും ആധാറും റേഷന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ലെന്നാണ് കണക്ക്. ഇവര്‍ക്ക് അതിനുള്ള അവസരം നല്‍കാനാണ് തീയതി നീട്ടിയത്.

സെപ്റ്റംബര്‍ 30വരെയാണ് ആധാര്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രം അനുവദിച്ചിരുന്ന സമയം. എന്നാല്‍, സമയപരിധി കഴിഞ്ഞിട്ടും ബന്ധിപ്പിക്കാത്തവര്‍ ഏറെയുണ്ട്. സംസ്ഥാനത്ത് കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആധാര്‍ ബന്ധിപ്പിക്കാനായിട്ടില്ല.

അവസാന ദിവസമായിരുന്ന ഇന്നലെ (തിങ്കളാഴ്ച) റേഷന്‍ കടകള്‍, അക്ഷയകേന്ദ്രങ്ങള്‍, താലൂക്ക് സപ്ലൈ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ആധാര്‍ ബന്ധിപ്പിക്കാന്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ആളുകള്‍ കൂട്ടത്തോടെ എത്തിയത് സെര്‍വര്‍ തകരാറിനും ഇടയാക്കി.

ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ റേഷന്‍ മുടങ്ങില്ലെന്ന് ഇതിനിടെ സിവില്‍ സപ്ലൈസ് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആധാര്‍ ബന്ധിപ്പിക്കുന്നതില്‍ കേരളം മുന്നിലാണ്.

2016ല്‍ ഭക്ഷ്യഭദ്രത നിയമം ബാധകമാക്കിയപ്പോള്‍ മുതല്‍ ആധാര്‍ ലിങ്ക് ചെയ്യണമെന്ന നിബന്ധന ഉണ്ട്. ഭക്ഷ്യധാന്യങ്ങള്‍ യഥാര്‍ഥ അവകാശിക്കു ലഭിക്കുന്നെന്ന് ഉറപ്പാക്കാനാണിത്.

ആധാറും റേഷന്‍ കാര്‍ഡുമായി റേഷന്‍ കടയില്‍ എത്തി ഇ-പോസ് മെഷീന്‍ വഴി ലിങ്ക് ചെയ്യാം.ആധാര്‍ നമ്പരും ഫോണ്‍ നമ്പരും ചേര്‍ക്കാന്‍ താലൂക്ക് സപ്ലൈ ഓഫിസ്, സിറ്റി റേഷനിങ് ഓഫിസ് എന്നിവിടങ്ങളില്‍ ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ ഹാജരാക്കുക. ഫോണ്‍ നമ്പര്‍ ലിങ്ക് ചെയ്താല്‍ റേഷന്‍ വിഹിതത്തെക്കുറിച്ച് എസ്എംഎസ് ലഭിക്കും.

www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ലിങ്ക് ചെയ്യാം. കാര്‍ഡിലെ ഒരു അംഗം എങ്കിലും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഈ സൗകര്യം ലഭ്യമാകുകയുള്ളൂ. വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2322155.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com