'ഇത് ലവ് ജിഹാദല്ല, അബുദാബിയില്‍ എത്തിയത് സ്‌നേഹിച്ച ആളോടൊപ്പം ജീവിക്കാന്‍'; തിരിച്ച് നാട്ടിലേക്കില്ലെന്ന് സിയാനി ബെന്നി

അബുദാബിയില്‍ എത്തിയ സിയാനി സ്വന്തം ഇഷ്ടപ്രകാരം അബുദാബി കോടതിയില്‍വെച്ച് 24ാം തീയതി മതം മാറി
'ഇത് ലവ് ജിഹാദല്ല, അബുദാബിയില്‍ എത്തിയത് സ്‌നേഹിച്ച ആളോടൊപ്പം ജീവിക്കാന്‍'; തിരിച്ച് നാട്ടിലേക്കില്ലെന്ന് സിയാനി ബെന്നി

അബുദാബി; ഡല്‍ഹിയില്‍ നിന്ന് യുഎഇയിലേക്ക് സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും ലവ് ജിഹാദല്ലെന്നും മലയാളി യുവതി സിയാനി ബെന്നി. ഡല്‍ഹിയില്‍ പഠിക്കുകയായിരുന്ന 19കാരിയായ സിയാനി സെപ്റ്റംബര്‍ പകുതിയോടെയാണ് അബുദാബിയിലേക്ക് എത്തിയത്. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശികളായ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സിയാനിയെ തട്ടിക്കൊണ്ടുപോയതാണെന്നും ഭീകരസംഘടനയില്‍ ചേരാനായാണ് അബുദാബിയില്‍ എത്തിയത് എന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് തനിക്ക് പ്രായപൂര്‍ത്തിയായതായും സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും വ്യക്തമാക്കി സിയാനി തന്നെ രംഗത്തെത്തിയത്. 

അബുദാബിയില്‍ എത്തിയ സിയാനി സ്വന്തം ഇഷ്ടപ്രകാരം അബുദാബി കോടതിയില്‍വെച്ച് 24ാം തീയതി മതം മാറി. ആയിഷ എന്ന പേരാണ് സിയാനി സ്വീകരിച്ചിരിക്കുന്നത്. തന്റെ പേരില്‍ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്ന് യുവതി ആവശ്യപ്പെട്ടു. 

ഡല്‍ഹി ജീസസ് ആന്റ് മേരി കൊളജില്‍ പഠിച്ചിരുന്ന സിയാനി 18ാം തീയതി വരെ ക്ലാസില്‍ പോയിരുന്നു. തുടര്‍ന്ന് കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് യുഎഇയില്‍ എത്തിയ വിവരം അറിയുന്നത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കാസര്‍ഗോഡ് സ്വദേശിയുമായി സിയാനി കഴിഞ്ഞ ഒമ്പത് മാസമായി പ്രണയത്തിലായിരുന്നു. അബുദാബിയിലുള്ള അയാളുടെ അടുത്തേക്കാണ് സിയാനി എത്തിയത്. പെണ്‍കുട്ടിയുടെ പിതാവും മാതാവും സഹോദരനും ഇവരെ കാണാന്‍ യു.എ.ഇയിലേക്ക് തിരിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്കൊപ്പം തിരിച്ച് പോകില്ലെന്നും വിവാഹിതയായി അബുദാബിയില്‍ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും യുവതി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com