പ്ലാസ്റ്റിക്കില്‍ നിന്ന് മുക്തി നേടാന്‍ 'ഹരിതകല്യാണം'; കടമ്പൂരില്‍ ഇനി ഹരിതകര്‍മസേനയുടെ 'പാള' പ്ലേറ്റുകള്‍

പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാന്‍ വേണ്ടി പഞ്ചായത്ത് ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പദ്ധതിയാണ് ഹരിത കല്യാണം.
പ്ലാസ്റ്റിക്കില്‍ നിന്ന് മുക്തി നേടാന്‍ 'ഹരിതകല്യാണം'; കടമ്പൂരില്‍ ഇനി ഹരിതകര്‍മസേനയുടെ 'പാള' പ്ലേറ്റുകള്‍

രോ വിവാഹം കഴിയുമ്പോഴും കുന്നുകണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് നാട്ടില്‍ അടിഞ്ഞ് കൂടുന്നത്. ആയിരം ആളുകള്‍ പങ്കെടുക്കുന്ന സദ്യയാണെങ്കില്‍ രണ്ടായിരത്തിലധികം പ്ലാസ്റ്റിക് ഗ്ലാസുകളും പ്ലേസ്റ്റുകളും മാലിന്യത്തിലേക്ക് മാറ്റിവെക്കാനുണ്ടാകും. ഇതിന് ഒരു പരിഹാരം കണ്ടെത്താനൊരുങ്ങുകയാണ് കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ പഞ്ചായത്ത്.

പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാന്‍ വേണ്ടി പഞ്ചായത്ത് ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പദ്ധതിയാണ് ഹരിത കല്യാണം. പഞ്ചായത്തിലെ 12ാം വാര്‍ഡായ ആഡൂരിലാണ് ഇത്തരത്തിലുള്ള ആദ്യ വിവാഹം നടന്നത്. ആഡൂരിലെ വിനയത്തില്‍ കെ വിനോദിന്റെയും വിജുകുമാരിയുടെയും മകള്‍ വിസ്മയ വിനോദിന്റെയും വൈശാഖ് ശശിയുടെയും വിവാഹമാണ് ഡിസ്‌പോസബിള്‍ ഗ്ലാസുകളും പ്ലേറ്റുകളും ഇല്ലാതെ നടന്നത്. 

പഞ്ചായത്തിലെ ഹരിതകര്‍മസേനയുടെ സഹായത്തോടെയായിരുന്നു വിവാഹം. പഞ്ചായത്ത് രൂപവത്കരിച്ച ഹരിതസേനയില്‍ പതിനൊന്ന് അംഗങ്ങളാണുള്ളത്. എല്ലാവരും സ്ത്രീകള്‍. എല്ലാവര്‍ക്കും പ്രത്യേക യൂണിഫോമുണ്ട്. സദ്യക്കാവശ്യമായ കുപ്പിഗ്ലാസുകള്‍ ഇവര്‍ കൊണ്ടുവരും. 

കല്യാണത്തിന് ഇവര്‍ 2000 ഗ്ലാസുകള്‍ എത്തിച്ചു. ഐസ്‌ക്രീം വിളമ്പിയത് കവുങ്ങിന്റെ പാള ഉപയോഗിച്ച് നിര്‍മ്മിച്ച പ്ലേറ്റുകളാണ്. വീട്ടുകാര്‍ക്ക് ആവശ്യമാണെങ്കില്‍ സിറാമിക് പ്ലേറ്റുകള്‍ വേറെയും കൊണ്ടുവരും. കൊണ്ടുവരുന്ന ചില്ലു/സ്റ്റീല്‍ ഗ്ലാസുകള്‍ ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ തന്നെ കഴുകും. വീട്ടുകാര്‍ ആവശ്യപ്പെട്ടാല്‍ സദ്യ വിളമ്പാനും ഇവര്‍ തയാറാണ്. 

സ്ത്രീകളുടെ ഒരു കൂട്ടായ്മയാണ് ഹരിതകര്‍മ്മസേന.  വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിച്ച് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിലെത്തിക്കുന്നത് ഇവരാണ്. ഈ സേനയെ ഒരു സംരംഭകരാക്കി മാറ്റുകയാണ് ഇപ്പോള്‍ പഞ്ചായത്ത് ചെയ്തത്. ഇതുവഴി ഇവരുടെ വരുമാനം വര്‍ധിപ്പിക്കുകയും പഞ്ചായത്തിനെ മാലിന്യമുക്തമാക്കുകയുമാണ് ലക്ഷ്യം. 

ആളുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഹരിതകല്യാണത്തിനായി പഞ്ചായത്തിന് പുറത്തും പ്രവര്‍ത്തിക്കാന്‍ ഇവര്‍ തയ്യാറാണ്. ഫോണ്‍: 9847960725, 9544065607.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com