കോടതി വിധിക്കു വിരുദ്ധമായി ഒന്നും ചെയ്യില്ല; രാത്രി യാത്രാ നിരോധനം തുടരും: ബിഎസ് യെദ്യൂരപ്പ

രാത്രിയാത്രാ നിരോധനം മൂലമുള്ള ബുദ്ധിമുട്ടു പരിഹരിക്കാന്‍ എലിവേറ്റഡ് കോറിഡോര്‍ നിര്‍മിക്കണമെന്ന നിര്‍ദേശത്തെയും കര്‍ണാടക മുഖ്യമന്ത്രി തള്ളി
കോടതി വിധിക്കു വിരുദ്ധമായി ഒന്നും ചെയ്യില്ല; രാത്രി യാത്രാ നിരോധനം തുടരും: ബിഎസ് യെദ്യൂരപ്പ

ബംഗളൂരു: ബന്ദിപ്പൂര്‍ വനപാതയിലൂടെയുള്ള രാത്രിയാത്രാ നിരോധനം നീക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ഇക്കാര്യത്തില്‍ കോടതി വിധിക്കു വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് യെദ്യൂരപ്പ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ സമരം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം.

''ബന്ദിപ്പൂര്‍ വനപാതയിലൂടെ രാത്രി വാഹനങ്ങള്‍ അനുവദിക്കരുതെന്ന് കോടതിയാണ് ഉത്തരവിട്ടത്. കോടതി വിധിക്കു വിരുദ്ധമായി ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല'' യെദ്യൂരപ്പ പറഞ്ഞു.

ദേശീയപാത 766 വഴിയുള്ള രാത്രിയാത്ര നിരോധിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെക്കുറിച്ച് രാഹുല്‍ ഗാന്ധിക്കും അറിവുള്ളതാണെന്നാണ് താന്‍ കരുതുന്നതെന്ന്, നിരോധനം നീക്കണമെന്ന രാഹുലിന്റെ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ യെദ്യൂരപ്പ പറഞ്ഞു.

രാത്രിയാത്രാ നിരോധനം മൂലമുള്ള ബുദ്ധിമുട്ടു പരിഹരിക്കാന്‍ എലിവേറ്റഡ് കോറിഡോര്‍ നിര്‍മിക്കണമെന്ന നിര്‍ദേശത്തെയും കര്‍ണാടക മുഖ്യമന്ത്രി തള്ളി. എലിവേറ്റഡ് കോറിഡോര്‍ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു.

രാത്രിയാത്രാ നിരോധനം നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കേന്ദ്ര വനംപരിസ്ഥി മന്ത്രി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ ഒരു സമിതിയെ വയ്ക്കാമെന്ന് കേന്ദ്രമന്ത്രി പിണറായിയെ അറിയിച്ചിട്ടുണ്ട്.

അതിനിടെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ നടക്കുന്ന സമരം ഒന്‍പതാം ദിവസത്തിലേക്കു കടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com