മരട് ഫ്‌ലാറ്റ് പൊളിക്കല്‍: സ്‌ഫോടനം നടത്താന്‍ ആറ് മണിക്കൂര്‍ നേരത്തേക്ക് നാട്ടുകാരെ ഒഴിപ്പിക്കും

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പ് പ്രദേശവാസികളെ ഒഴിപ്പിക്കുമെന്ന് നഗരസഭ
മരട് ഫ്‌ലാറ്റ് പൊളിക്കല്‍: സ്‌ഫോടനം നടത്താന്‍ ആറ് മണിക്കൂര്‍ നേരത്തേക്ക് നാട്ടുകാരെ ഒഴിപ്പിക്കും

കൊച്ചി: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പ് പ്രദേശവാസികളെ ഒഴിപ്പിക്കുമെന്ന് നഗരസഭ. സ്‌ഫോടന സമയത്ത് ആറ് മണിക്കൂര്‍ നേരത്തേക്ക് നാട്ടുകാരെ ഒഴിപ്പിക്കാനാണ് തീരുമാനം. ഫ്‌ലാറ്റുകള്‍ക്ക് 200 മീറ്റര്‍ ചുറ്റളയില്‍ ഉള്ളവരെയാണ് ഒഴിപ്പിക്കുന്നത്. നിലവില്‍ ഫ്‌ലാറ്റ് പൊളിക്കാനായി രണ്ടു കമ്പനികളാണ് രംഗത്തുള്ളത്. ഏജന്‍സികള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയതിന് ശേഷം മാത്രമായിരിക്കും കമ്പനിയുമായി കരാറില്‍ ഒപ്പിടുക.

ജനുവരി 9ന് മുമ്പ് സ്‌ഫോടനം നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഫ്‌ലാറ്റിലെ താമസക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ നഗരസഭ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഫ്‌ലാറ്റുകളിലെ ഭൂരിഭാഗം താമസക്കാരും ഒഴിഞ്ഞു. ഉടമസ്ഥരുടെ വിവരം ലഭ്യമല്ലാത്ത 50 ഫ്‌ലാറ്റുകള്‍ റവന്യുവകുപ്പായിരിക്കും നേരിട്ട് ഒഴിപ്പിക്കുക.

ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരായ കേസ് അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച നാല് ഫ്‌ലാറ്റുകളിലും സര്‍വേ നടത്തി. 
നാല് ഫ്‌ലാറ്റ് സമുച്ചയങ്ങളിലായി ഒഴിഞ്ഞു കിടക്കുന്ന 50 ഫ്‌ലാറ്റുകളുടെ ഉടമസ്ഥരുടെ വിവരങ്ങളാണ് ലഭ്യമല്ലാത്തത്. ഇവയുടെ വില്‍പ്പന നടന്നിട്ടുണ്ടെങ്കിലും ഉടമസ്ഥര്‍ നഗരസഭയില്‍ നിന്ന് കൈവശാവകാശ രേഖ വാങ്ങിയിട്ടില്ല. ഈ അപ്പാര്‍ട്ട്‌മെന്റുകളുടെ ഉടമകള്‍ അധികൃതരുമായി ബന്ധപ്പെട്ടില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്ന് രേഖകള്‍ പരിശോധിച്ച് റവന്യു വകുപ്പ് ഈ ഫ്‌ലാറ്റുകള്‍ ഒഴിപ്പിക്കും.

ഫ്‌ലാറ്റ് പൊളിക്കുന്നത് സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച സമീപവാസികളുമായി എംഎല്‍എ എം സ്വരാജ് ചര്‍ച്ച നടത്തും. സമീപവാസികളെ പങ്കെടുപ്പിച്ചുകൊണ്ട് വിളിച്ച യോഗത്തില്‍ ഇവരുടെ ആശങ്കകള്‍ കേള്‍ക്കുകയും കാര്യങ്ങള്‍ ഇവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com