പ്രജുകുമാറിന്റെ ഈ മൊഴി നിര്‍ണായകമായി ; പ്രതിരോധം തകര്‍ന്ന് ജോളിയും മാത്യുവും ; പൊലീസിന്റെ തന്ത്രത്തില്‍ കുടുങ്ങി 

തുടര്‍ച്ചയായ അഞ്ചു മണിക്കൂറോളം പ്രതിരോധിച്ചു നിന്ന ജോളി കുറ്റകൃത്യത്തിലുള്ള പങ്ക് നിഷേധിക്കുകയാണ് ചെയ്തത്
പ്രജുകുമാറിന്റെ ഈ മൊഴി നിര്‍ണായകമായി ; പ്രതിരോധം തകര്‍ന്ന് ജോളിയും മാത്യുവും ; പൊലീസിന്റെ തന്ത്രത്തില്‍ കുടുങ്ങി 

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതിയായ ജോളിയെയും മാത്യുവിനെയും കുടുക്കിയത് കൂട്ടുപ്രതിയും സ്വര്‍ണപണിക്കാരനുമായ പ്രജുകുമാറിന്റെ നിര്‍ണായക മൊഴി. ജോളിക്ക് ഒരു തവണ മാത്രമാണ് സയനൈഡ് നല്‍കിയതെന്നാണ് പ്രജുകുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. മാത്യു വഴിയാണ് സയനൈഡ് നല്‍കിയത്. ജോളി കൂട്ടക്കൊലപാതകം നടത്തുമെന്ന് താന്‍ കരുതിയില്ലെന്നും പ്രജുകുമാര്‍ പറഞ്ഞു. 

ജോളിയുമായി ദീര്‍ഘകാലത്തെ പരിചയമുണ്ട്. മാത്യു വഴിയാണ് ജോളിയെ പരിചയപ്പെട്ടത്. ആദ്യ മരണം ഉണ്ടായപ്പോള്‍ തന്നെ താന്‍ ജോളിയോട് വിവരം ആരാഞ്ഞിരുന്നു. സയനൈഡ് നല്‍കിയതാണോ മരണകാരണമെന്ന് ചോദിച്ചിരുന്നു. എന്നാല്‍ സ്വാഭാവിക മരണമാണെന്നായിരുന്നു ജോളി മറുപടി നല്‍കിയത്. സയനൈഡ് കൂട്ടക്കൊലപാതകത്തിന് ഉപയോഗിച്ചു എന്ന വിവരം തന്നെ ഞെട്ടിച്ചുവെന്നും പ്രജുകുമാര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. ഈ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. 

അതുവരെ കസ്റ്റഡിയിലുള്ള മാത്യുവും ജോളിയും തങ്ങള്‍ക്ക് പരിചയമുണ്ട് എന്നതിലപ്പുറം സയനൈഡിന്റെയോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. പ്രജുകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് മാത്യു ഇക്കാര്യം തുറന്നു സമ്മതിച്ചത്. താന്‍ ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയതായും, ജോളിയുമായി അടുത്ത ബന്ധമുണ്ടെന്നും സമ്മതിച്ചത്. 

എന്നാല്‍ തുടര്‍ച്ചയായ അഞ്ചു മണിക്കൂറോളം പ്രതിരോധിച്ചു നിന്ന ജോളി കുറ്റകൃത്യത്തിലുള്ള പങ്ക് നിഷേധിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് പ്രജുകുമാറിന്റെയും മാത്യുവിന്റെയും മൊഴികള്‍ ജോളിയെ അറിയിച്ചതോടെയാണ് പിടിച്ചു നില്‍ക്കാനാകാതെ ജോളി കുറ്റസമ്മതം നടത്തിയത്. എല്ലാ കൊലപാതകങ്ങളും നടത്തിയത് താന്‍ മാത്രമാണെന്നായിരുന്നു ജോളി വെളിപ്പെടുത്തിയത്. എന്നാല്‍ ജോളി മാത്രമാണ് ഇതിന്‍രെ ആസൂത്രണം നടത്തിയതെന്ന മൊഴി പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com