ബ്യൂട്ടിപാര്‍ലറുമായി ബന്ധമുള്ള രാമകൃഷ്ണന്റെ മരണത്തിലും പങ്ക്?; അന്വേഷണം കൂടത്തായിക്ക് പുറത്തേക്കും

ജോളിക്കും ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന സുഹൃത്തിനും രാമകൃഷ്ണനുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു
ബ്യൂട്ടിപാര്‍ലറുമായി ബന്ധമുള്ള രാമകൃഷ്ണന്റെ മരണത്തിലും പങ്ക്?; അന്വേഷണം കൂടത്തായിക്ക് പുറത്തേക്കും


കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകത്തിന്റെ അന്വേഷണം പൊന്നാമറ്റം തറവാടിന് പുറത്തേക്കും വ്യാപിക്കുന്നു. കോഴിക്കോട് എന്‍ഐടിക്ക് അടുത്ത് കുന്ദമംഗലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മണ്ണിലേതില്‍ രാമകൃഷ്ണന്റെ മണവുമായി ജോളിക്ക് ബന്ധമുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. പൊലീസ് സംഘം വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നതായി രാമകൃഷ്ണന്റെ മകന്‍ രോഹിത് വെളിപ്പെടുത്തി. 

ജോളിക്കും ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന സുഹൃത്തിനും രാമകൃഷ്ണനുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. അച്ഛന്‍ തട്ടിപ്പിനിരയായി. ഭൂമി വിറ്റ വകയില്‍ അച്ഛന് കിട്ടിയ 55 ലക്ഷം രൂപ കാണാതായിട്ടുണ്ടെന്നും രോഹിത് പറഞ്ഞു. എന്നാല്‍ രാമകൃഷ്ണന്റെ മരണത്തില്‍ സംശയമില്ലെന്നും രോഹിത് പറഞ്ഞു. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ രാമകൃഷണന്‍ 2016 മെയ് 17നാണ് മരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിന് തൊട്ടടുത്ത ദിവസമായിരുന്നു മരണം. 

അന്നേദിവസം രാത്രി വരെ പുറത്തായിരുന്ന രാമകൃഷ്ണന്‍ രാത്രി വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വായില്‍ നിന്ന് വെള്ളം പുറത്ത് വന്ന് രാമകൃഷ്ണന്‍ മരിക്കുകയായിരുന്നു. 62 വയസായിരുന്നു മരിക്കുമ്പോള്‍ രാമകൃഷ്ണന്റെ പ്രായം. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതിരുന്ന രാമകൃഷ്ണന്‍ രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും വളരെ സജീവമായിരുന്നു. 

രാമകൃഷ്ണന്റെ മരണത്തില്‍ യാതൊരു ദുരൂഹതയും കുടുംബത്തിന് ഇല്ല. ഹൃദയാഘാതം മൂലമാണ് രാമകൃഷ്ണന്‍ മരിച്ചതെന്നാണ് കുടുംബം വിശ്വസിക്കുന്നത്. എന്നാല്‍ രാമകൃഷ്ണന്റെ മകനോ ഭാര്യയോ പരാതി നല്‍കിയിട്ടില്ലെങ്കിലും കൂടത്തായി കൂട്ടക്കൊല അന്വേഷണത്തിനിടെ ജോളിയേയും രാമകൃഷ്ണനുമായി ബന്ധിപ്പിക്കുന്ന ചില വിവരങ്ങള്‍ അന്വേഷണത്തിന് സംഘത്തിന് ലഭിക്കുകയും ചെയ്തിരുന്നു. 

കുന്ദമംഗലം മേഖലയില്‍ വലിയ ഭൂസ്വത്തുള്ള രാമകൃഷ്ണന് കടമുറികളടക്കം നിരവധി വസ്തുകള്‍ സ്വന്തമായിട്ടുണ്ടായിരുന്നു. ഇക്കാലയളവില്‍ വസ്തു വിറ്റ വകയില്‍ കിട്ടിയ 55 ലക്ഷം രൂപ ആരോ തട്ടിയെടുത്തെന്നാണ് മകന്‍ പറയുന്നത്. കോഴിക്കോട് എന്‍ഐടിയിലെ ലക്ച്ചര്‍ ആണെന്ന് പറഞ്ഞ ദീര്‍ഘകാലം ജോളി കുടുംബക്കാരെ കബളിപ്പിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാവിലെ എന്‍ഐടിയിലേക്ക് ആണെന്ന് പറഞ്ഞ് വ്യാജഐഡി കാര്‍ഡുമായി പുറപ്പെടുന്ന ജോളി, കുന്ദമംഗലം എന്‍ഐടിക്ക് അടുത്തുള്ള ഒരു ബ്യൂട്ടിപാര്‍ലറിലായിരുന്നു തങ്ങിയിരുന്നത് എന്ന് കണ്ടെത്തിയിരുന്നു. 

ഈ ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്നത് സുലേഖ എന്ന സ്ത്രീയായിരുന്നു. ഈ സുലേഖയുമായി രാമകൃഷ്ണന് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുകള്‍ പറയുന്നു. സുലേഖയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടങ്ങിയതായാണ് സൂചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com