അന്വേഷണം റോയിയുടെ അടുത്ത രണ്ട് ബന്ധുക്കളിലേക്ക് ?; സയനൈഡ് ഉപയോഗം ഇവര്‍ക്ക് അറിയാമെന്ന് ജോളിയുടെ മൊഴി; കൂടുതല്‍ പേരെ കൊല്ലാന്‍ പദ്ധതിയിട്ടു

കൂടുതല്‍ ആളുകളെ വകവരുത്താന്‍ പദ്ധതിയിട്ടിരുന്നതായും ജോളി പൊലീസിന് മൊഴി നല്‍കി
അന്വേഷണം റോയിയുടെ അടുത്ത രണ്ട് ബന്ധുക്കളിലേക്ക് ?; സയനൈഡ് ഉപയോഗം ഇവര്‍ക്ക് അറിയാമെന്ന് ജോളിയുടെ മൊഴി; കൂടുതല്‍ പേരെ കൊല്ലാന്‍ പദ്ധതിയിട്ടു

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിയുടെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ കാര്യങ്ങള്‍ കൊല്ലപ്പെട്ട റോയിയുടെ അടുത്ത രണ്ട് ബന്ധുക്കള്‍ക്ക് അറിയാമെന്നാണ് ജോളി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയത്. സയനൈഡ് ഉപയോഗിക്കേണ്ട രീതി അവര്‍ക്ക് അറിയാമായിരുന്നു. ഇതിന് അവര്‍ സഹായം നല്‍കി. കൂടുതല്‍ ആളുകളെ വകവരുത്താന്‍ പദ്ധതിയിട്ടിരുന്നതായും ജോളി പൊലീസിന് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 

ജോളി സൂചിപ്പിച്ച ഈ ബന്ധുക്കള്‍ പൊലീസ് ഇതുവരെ ചോദ്യം ചെയ്യാത്തവരാണെന്നും സൂചനയുണ്ട്. ഇവര്‍ എന്‍ഐടിയ്ക്ക് അടുത്ത് ഒരു താവളത്തിലിരുന്നാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. ഈ കേന്ദ്രം പൊലീസ് പരിശോധിച്ചതായും തെളിവുകള്‍ ശേഖരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഈ ബന്ധുക്കള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തമായ തെളിവുകള്‍ കൂടി ശേഖരിച്ചശേഷം ഇവരെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ജോളിയെയും മാത്യു, പ്രജുകുമാര്‍ എന്നിവരെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ജോളിയെ 15 ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കുമെന്നാണ് അന്വേഷണസംഘം അറിയിച്ചിട്ടുള്ളത്. കേസില്‍ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയ്യാറാക്കിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍, ഷാജുവിന്റെ പിതാവ് സഖറിയ തുടങ്ങിയവരെ ചോദ്യം ചെയ്യും. ഷാജുവിനെ പൂര്‍ണമായും സംശയമുക്തനാക്കിയിട്ടില്ലെന്നും, വീണ്ടും ചോദ്യം ചെയ്യുമെന്നും എസ്പി സൈമണ്‍ സൂചിപ്പിച്ചു. 

കല്ലറയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചു. അമേരിക്കയിലാണ് മൈറ്റോ കോണ്‍ഡ്രിയ ഡിഎന്‍എ അനാലിസിസ് ടെസ്റ്റ് നടത്തുക. മരണകാരണം കൃത്യമായി മനസ്സിലാക്കുക ലക്ഷ്യമിട്ടാണ് ഈ നടപടിയുമായി അന്വേഷണസംഘം മുന്നോട്ടുനീങ്ങുന്നത്. 

കേസില്‍ പരാതിക്കാരനായ റോജോയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ടോം തോമസിന്റെ ഇളയ മകനും റോയി തോമസിന്റെ സഹോദരനുമാണ് റോജോ. അമേരിക്കയിലുള്ള റോജോ, കുടുംബസ്വത്തുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയാണ് ദുരൂഹമരണങ്ങളുടെ നിഗൂഢത വെളിച്ചത്ത് കൊണ്ടുവന്നത്. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ ബന്ധുക്കളെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി മൊഴിയെടുത്തു. സിലിയുടെ സഹോദരനെ കേസില്‍ സാക്ഷിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com