തടവുകാര്‍ കാഴ്ചവസ്തുക്കളല്ല, ഫീല്‍ ജയില്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നു, പുതുതായി 10 ജയിലുകള്‍ കൂടി തുറക്കുമെന്ന് ഋഷിരാജ് സിങ്

തടവുകാര്‍ക്ക് അര്‍ഹതപ്പെട്ട പരോള്‍ നിഷേധിക്കുന്ന സമീപനം ഉണ്ടാകരുതെന്നും ഋഷിരാജ് സിങ് നിര്‍ദേശിച്ചു
തടവുകാര്‍ കാഴ്ചവസ്തുക്കളല്ല, ഫീല്‍ ജയില്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നു, പുതുതായി 10 ജയിലുകള്‍ കൂടി തുറക്കുമെന്ന് ഋഷിരാജ് സിങ്

കണ്ണൂര്‍ : ജയില്‍ ടൂറിസം പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങാന്‍ ഡിജിപി ഋഷിരാജ് സിങിന്റെ തീരുമാനം. തെലങ്കാന സംസ്ഥാനത്തുള്ള പോലെ ജയില്‍ ടൂറിസത്തിന്റെ ഭാഗമായി ഫീല്‍ ജയില്‍ പദ്ധതി തത്കാലം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു. തടവുകാര്‍ കാഴ്ചവസ്തുക്കളല്ല. പ്രത്യേക മാനസികാവസ്ഥയിലാണ് പലരും ജയിലിലെത്തുന്നത്. അവരെ കാഴ്ചബംഗ്ലാവില്‍ എന്നപോലെ ആള്‍ക്കാര്‍ സന്ദര്‍ശിക്കുന്നത് ശരിയല്ല. അവര്‍ക്ക് സ്വകാര്യത വേണമെന്നും ഋഷിരാജ് സിങ് പറഞ്ഞു.

സംസ്ഥാനത്ത് പുതുതായി 10 ജയിലുകള്‍ ആരംഭിക്കുമെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ക്ഷേമ ദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് ഋഷിരാജ് സിങ് അറിയിച്ചു. കൂത്തുപറമ്പ് സബ്ജയിലിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. 10 ദിവസത്തിനകം പണി തുടങ്ങും. തളിപ്പറമ്പ് ജില്ലാ ജയിലിന്റെ നിര്‍മാണം ഈ മാസം ആരംഭിക്കും. തലശ്ശേരിയില്‍ 33 ലക്ഷം രൂപ ചെലവഴിച്ച് ഓഫീസ് നിര്‍മിക്കും. വടകരയിലും സബ് ജയില്‍ നിര്‍മാണം ഉടന്‍ ആരംഭിക്കും. കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍ വികസിപ്പിക്കുന്ന പണിയും ഈ മാസം തുടങ്ങും. കാസര്‍കോട്, വയനാട് ജില്ലകളില്‍ ജില്ലാ ജയിലുകള്‍ പണിയുമെന്നും അദ്ദേഹം പറഞ്ഞു.

തടവുകാര്‍ക്ക് അര്‍ഹതപ്പെട്ട പരോള്‍ നിഷേധിക്കുന്ന സമീപനം ഉണ്ടാകരുതെന്നും ഋഷിരാജ് സിങ് നിര്‍ദേശിച്ചു. പരോള്‍ റിപ്പോര്‍ട്ട് മൂന്നുതവണ നിഷേധിക്കുന്ന സമീപനമുണ്ടായാല്‍ ജില്ലാ പൊലീസ് മേധാവിക്ക് കത്തെഴുതി വിശദീകരണം തേടും. തടവുകാര്‍ക്കും അവകാശങ്ങളുണ്ട്. വിചാരണത്തടവുകാരെ കൃത്യമായി കോടതിയില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്കല്‍ പൊലീസിനാണ് ഇതിന്റെ ചുമതല. ചികിത്സവേണ്ട തടവുകാരെ പൊലീസ് സഹായത്തോടെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കണം. ജയിലുകളില്‍ യോഗ നിര്‍ബന്ധമായി നടത്തുമെന്നും ജയില്‍ ഡിജിപി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com