ജോളിയെ പല തവണ കണ്ടിട്ടുണ്ടെന്ന് കാന്റീന്‍ ജീവനക്കാരന്‍; എന്‍ഐടിയിലെത്തിച്ച് തെളിവെടുത്തു

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയെ പല തവണ കണ്ടിട്ടുണ്ടെന്ന് എന്‍ഐടി കാന്റീന്‍ ജീവനക്കാരന്‍
ജോളിയെ പല തവണ കണ്ടിട്ടുണ്ടെന്ന് കാന്റീന്‍ ജീവനക്കാരന്‍; എന്‍ഐടിയിലെത്തിച്ച് തെളിവെടുത്തു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയെ പല തവണ കണ്ടിട്ടുണ്ടെന്ന് എന്‍ഐടി കാന്റീന്‍ ജീവനക്കാരന്‍. ജോളിയുമായി അന്വേഷണ സംഘം എന്‍ഐടി പരിസരത്ത് തെളിവെടുപ്പ് നടത്തി. അതിനിടെയാണ് ജീവനക്കാരുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ജോളിയെ നേരിട്ട് പരിചയമില്ലെന്നും ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞു. എന്‍ഐടിക്ക് സമീപമുള്ള ബ്യൂട്ടി പാര്‍ലറിലും പൊലീസ് തെളിവെടുപ്പ് നടത്തി. 

അതേസമയം, റഫറന്‍സില്ലാതെ ക്യാമ്പസിനകത്ത് കയറാന്‍ കഴിയില്ലെന്ന് എന്‍ഐടി രജിസ്ട്രാര്‍ വ്യക്തമാക്കി. ജോളി ക്യാമ്പസിനകത്ത് വന്നതറിയില്ലെന്നും രജിസ്ട്രാര്‍ പങ്കജാക്ഷന്‍ പറഞ്ഞു. ജോളി എത്ര തവണ ക്യാമ്പസില്‍ കയറിയെന്നത് പരിശോധിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വന്നതിന് ശേഷമാണ് കാര്യങ്ങള്‍ അറിയുന്നതെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 21നാണ് അന്വേഷണ സംഘം ക്യാമ്പസിലെത്തിയത്. ജോളി എന്‍ഐടി അധ്യാപികയല്ലെന്ന് രണ്ട് മാസം മുമ്പ് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നെന്നും പങ്കജാക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

തെളിവെടുപ്പിനിടെ കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയെന്നാണ് സൂചന. 100 ലേറെ പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് പ്രതികളെ വിവിധ കേന്ദ്രങ്ങളില്‍ തെളിവെടുപ്പിനെത്തിച്ചത്. തെളിവെടുപ്പിന് ശേഷം ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെയും അച്ഛന്‍ സക്കറിയയേയും പൊലീസ് ചോദ്യം ചെയ്തു. 

കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇതിനായി രാജ്യത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായം തേടിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡിജിപി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com