'ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ആരുടെയെങ്കിലും കക്ഷത്ത് ഏല്‍പ്പിച്ച് നല്‍കിയിട്ടുണ്ടോ'; ചെന്നിത്തലയ്ക്ക് പിണറായിയുടെ മറുപടി 

മഞ്ചേശ്വരം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റേയ്‌ക്കെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
'ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ആരുടെയെങ്കിലും കക്ഷത്ത് ഏല്‍പ്പിച്ച് നല്‍കിയിട്ടുണ്ടോ'; ചെന്നിത്തലയ്ക്ക് പിണറായിയുടെ മറുപടി 

കാസര്‍കോട്: മഞ്ചേശ്വരം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റേയ്‌ക്കെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് ആ സ്ഥാനത്തിന് യോജിച്ച പദമാണോ ഉപയോഗിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ആരുടെയെങ്കിലും കക്ഷത്ത് ഏല്‍പ്പിച്ച് നല്‍കിയിട്ടുണ്ടോ എന്ന് പിണറായി വിജയന്‍ ചോദിച്ചു. മഞ്ചേശ്വരം ഖത്തീബ് നഗറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റേയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയം പറയുന്നേ ഇല്ല. ഒരു കാര്യവും അവര്‍ക്ക് പറയാനില്ല. സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി ആക്രമിക്കല്‍ മാത്രമാണ് കാണുന്നത്. അതിന് ഒരു തടസ്സവുമില്ലെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിശ്വാസി ആയതാണ് ഇവരുടെ പ്രശ്‌നം. ഇവിടെ തടിച്ചുകൂടിയ ജനസമൂഹത്തില്‍ മഹാഭൂരിപക്ഷവും വിശ്വാസികളല്ലേ എന്ന് മുഖ്യമന്ത്രി ചോദിച്ചു. 

ആ വിശ്വാസികളെ പ്രതിനിധികരീച്ച് പ്രത്യക്ഷത്തില്‍ വിശ്വാസിയായിട്ടുളള ഒരു വ്യക്തി മുന്നോട്ടുപോകുന്നതില്‍ എന്താണ് തെറ്റ്. നല്ലതോതില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത് .പ്രതിപക്ഷ നേതാവ് ആ സ്ഥാനത്തിന് ചേര്‍ന്ന പദമാണോ ഈ സ്ഥാനാര്‍ത്ഥിയെ കുറിച്ച് പറഞ്ഞത്. കപട ഹിന്ദു എന്നല്ലേ പറഞ്ഞത്. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ആരുടെയെങ്കിലും കക്ഷത്ത് ഏല്‍പ്പിച്ച് നല്‍കിയിട്ടുണ്ടോ എന്നും പിണറായി ചോദിച്ചു.

ശങ്കര്‍ റേയെ മുകളില്‍ നിന്ന് കെട്ടിഇറക്കിയതല്ല. ഇവിടെ പഠിപ്പിച്ച് നടന്ന ആളാണ്. ഹെഡ്മാസ്റ്റര്‍ ആയി ഇരുന്നിട്ടുളള ആളാണ്. ഇവിടത്തെ ജനങ്ങള്‍ എങ്ങനെയാണ്  പ്രതികരിക്കാന്‍ പോകുന്നതെന്ന് യുഡിഎഫിനും ബിജെപിക്കും നന്നായി അറിയാം.ജനങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഇവര്‍ തയ്യാറാകുന്നത്. തെരഞ്ഞെടുപ്പ് ദിവസം നിങ്ങള്‍ ഇതിന് മറുപടി നല്‍കിയാല്‍ മതിയെന്നും പിണറായി വിജയന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com