'ഒരു പ്രാഞ്ചിയേട്ടന്‍ അവാര്‍ഡിന്റെ ഗന്ധമടിക്കുന്നു'; തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ച മലേഷ്യന്‍ അവാര്‍ഡിനെ പരിഹസിച്ച് കെ എസ് ശബരീനാഥന്‍

അവാര്‍ഡ് ഉള്ളതാണോ അതോ നിര്‍മ്മിതമാണോ എന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ വിശദീകരിച്ചാല്‍ കൊള്ളാം
'ഒരു പ്രാഞ്ചിയേട്ടന്‍ അവാര്‍ഡിന്റെ ഗന്ധമടിക്കുന്നു'; തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ച മലേഷ്യന്‍ അവാര്‍ഡിനെ പരിഹസിച്ച് കെ എസ് ശബരീനാഥന്‍

തിരുവനന്തപുരം:  മാലിന്യ നിര്‍മാര്‍ജനത്തിന് തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ച  മലേഷ്യന്‍ അവാര്‍ഡിനെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരീനാഥന്‍. വട്ടിയൂര്‍ക്കാവിലെ ഇടതു സ്ഥാനാര്‍ത്ഥി കൂടിയായ മേയര്‍ വി കെ പ്രശാന്തിനെ ഉന്നമിട്ടാണ് ശബരിനാഥന്റെ പരിഹാസം. മാലിന്യ സംസ്‌കരണത്തിലെ വീഴ്ചയ്ക്ക് 14.5 കോടി രൂപ പിഴ അടയ്‌ക്കേണ്ടിവന്ന തിരുവനന്തപുരം നഗരസഭയ്ക്ക് മാലിന്യനിര്‍മാര്‍ജനത്തിന് പുരസ്‌കാരം ലഭിച്ചത് എങ്ങനെ ആണെന്നും ഒരു പ്രാഞ്ചിയേട്ടന്‍ അവാര്‍ഡിന്റെ മണമടിക്കുന്നുണ്ടെന്നും എംഎല്‍എ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. 

മലേഷ്യയിലെ പെനാംഗില്‍ നടന്ന ഇന്റര്‍നാഷണല്‍ സീറോ വേസ്റ്റ് കോണ്‍ഫറന്‍സിലാണ്  പുരസ്‌കാരം പ്രഖ്യാപിച്ചത്. നഗരസഭയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തണല്‍ എന്ന സംഘടനയുടെ ഡയറക്ടര്‍ ഷിബു നായര്‍ തന്നെയാണ് അവാര്‍ഡ് കൊടുത്ത സംഘടനയുടെ ദേശ തലവന്‍. ഒരു കൈയ്യില്‍ നിന്ന് മറ്റൊരു കൈയിലേക്ക് ; എത്ര ലളിതം, എത്ര സുന്ദരം. ശബരിനാഥന്‍ കുറിപ്പില്‍ വിമര്‍ശിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തിരുവനന്തപുരം നഗരസഭയും മാലിന്യവും പിന്നെ ഒരു മലേഷ്യന്‍ അവാര്‍ഡും.

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയമാണ് നഗരത്തിലെ മാലിന്യം. നഗരത്തില്‍ പ്രതിദിനം ഉല്‍പാദിക്കുന്ന മാലിന്യത്തിന്റെ 50 ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ന് സംസ്‌കരണം നടക്കുന്നത്, ഈ മാലിന്യമാണ് നഗരത്തിലെ എല്ലാ കോണുകളിലുമായി കുമിഞ്ഞു കൂടുന്നത്. മാലിന്യ സംസ്‌കരണത്തില്‍ നഗരസഭ പരാജയപ്പെട്ടതുകൊണ്ടാണല്ലോ സര്‍ക്കാരിന്റെ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് തന്നെ 14.59 കോടി രൂപ ഫൈന്‍ ഈടാക്കുന്നത്.

ഈ വിഷയങ്ങള്‍ വോട്ടര്‍മാര്‍ സജീവമായി ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് മാലിന്യ നിര്‍മാര്‍ജനത്തിന് മലേഷ്യയിലെ പെനാങില്‍ നടന്ന 'International Zero Waste Conference' അവാര്‍ഡ് തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ച വാര്‍ത്ത പത്രക്കുറിപ്പിലൂടെ അറിയുന്നത്.

ഇനി ഇതിന്റെ വസ്തുതകളിലേക്ക് കടക്കാം:

1) പ്രസ്തുത കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത് GAIA (Global Alliance for Incinerator Alternatives) എന്ന സംഘടനയാണ്.കഴിഞ്ഞ കാലങ്ങളിലും ഇവര്‍ സമാനമായ സമ്മേളനങ്ങള്‍ നടത്തിയിട്ടുണ്ട്.

2) GAIA യുടെ ഇന്ത്യയിലെ പ്രധാന പ്രതിനിധി ഒരു ഷിബു നായരാണ്. ഇതിനോടൊപ്പം ഷിബു നായര്‍ തണല്‍ എന്ന തിരുവനന്തപുരത്തുള്ള സംഘടനയുടെ ഡയറക്ടറുമാണ്.

3) തിരുവനന്തപുരം നഗരസഭയുടെ ഹരിതസേന പദ്ധതിയും മാലിന്യ സംസ്‌കരണ പദ്ധതികളും കഴിഞ്ഞ കാലങ്ങളായി നടത്തുന്നതും ഈ തണല്‍ തന്നെയാണ്.

4) ഇനി ഏറ്റവും ശ്രദ്ധേയമായ കാര്യം നഗരസഭയ്ക്ക് വേണ്ടി പ്രസ്തുത അവാര്‍ഡിനുള്ള രേഖകള്‍ സമര്‍പ്പിച്ചതും തണല്‍ തന്നെ. വെബ്‌സൈറ്റിലെ നഗരസഭയെ ക്കുറിച്ചുള്ള രേഖകളില്‍ തണല്‍ എന്ന സംഘടനയോട് കടപ്പാടുണ്ട് എന്ന് പറയുന്നു.

ചുരുക്കം പറഞ്ഞാല്‍, നഗരസഭയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തണല്‍ എന്ന സംഘടനയുടെ ഡയറക്ടര്‍ ഷിബു നായര്‍ തന്നെയാണ് അവാര്‍ഡ് കൊടുത്ത് സംഘടനയുടെ ദേശ തലവന്‍. ഒരു കൈയ്യില്‍ നിന്ന് മറ്റൊരു കൈയിലേക്ക് ; എത്ര ലളിതം, എത്ര സുന്ദരം.

അതോടൊപ്പം അവാര്‍ഡിനു വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന രേഖകളില്‍ 19000 കിച്ചന്‍ ബിന്നുകള്‍ നമ്മുടെ നഗരത്തില്‍ ഉണ്ടെന്ന് അവകാശപ്പെടുന്നു. ശരിക്കുമുള്ള കണക്ക് ഇതിലും വളരെ താഴെയാണ്.പരാജയമെന്ന് കോര്‍പ്പറേഷന്‍ തന്നെ സമ്മതിച്ച പൈപ്പ് കമ്പോസ്റ്റ് പദ്ധതി 50% ഫലപ്രദമാണെന്നാണ് സംഘടനയുടെ റിപ്പോര്‍ട്ടില്‍ കളവ് പറയുന്നത്.

ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍, ഇലക്ഷന്‍ സമയത്ത് തട്ടിക്കൂട്ടിയ ഒരു പ്രാഞ്ചിയേട്ടന്‍ അവാര്‍ഡിന്റെ ഗന്ധമടിക്കുന്നു. അവാര്‍ഡ് ഉള്ളതാണോ അതോ നിര്‍മ്മിതമാണോ എന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ വിശദീകരിച്ചാല്‍ കൊള്ളാം. ശരി തെറ്റുകള്‍ നമുക്ക് ചര്‍ച്ച ചെയ്യാം,നമ്മള്‍ തയ്യാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com